ഇടിമുഴക്കങ്ങൾക്ക്‌ ബധിരനും മിന്നലുകൾക്ക്‌ അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...

2009 മാർച്ച് 21, ശനിയാഴ്‌ച

പ്രണയകാലം

"നമുക്ക്‌ ആകശത്തിൽ പറന്നുനടക്കണം".
അവൾ പറഞ്ഞു.
"നമുക്ക്‌ റേഷൻ കടയിലെ വരിയിൽ പുറകിലാകാതിരിക്കുക".
ഞാൻ പറഞ്ഞു.അവൾ കാതിൽ മന്ത്രിച്ചു:"നമുക്ക്‌ വലിയൊരു മാളിക വേണം, നിറയെ വേലക്കാരും".
"എന്റെ കുടിൽ കെട്ടിമേയേണ്ട സമയം അതിക്രമിച്ചു".
ഞാൻ പറഞ്ഞു.
ഏറ്റവും വേഗതയിൽ പായുന്ന കാറുവേണം നമുക്കെന്ന് അവൾ പറഞ്ഞപ്പോൾ വഴിക്കുവെച്ച്‌ വാറുപൊട്ടിയ ചെരുപ്പ്‌ പൊതിഞ്ഞെടുത്തത്‌ ഞാൻ അവളെ കാണിച്ചു.
അപ്പോൾ, സ്വപ്നങ്ങൾ കാണാൻ പോലും യോഗ്യതയില്ലാത്തൊരാളെയാണല്ലോ താൻ പ്രണയിച്ചത്‌ എന്ന് അവൾ പരിതപിച്ചു. പിന്നയെന്നോട്‌ സഹതപിച്ചുകൊണ്ട്‌ എന്നോട്‌ യാത്രപറഞ്ഞു.

പിന്നെയൊരു രാത്രി, എനിക്ക്‌ വെള്ളിച്ചിറകുകൾ മുളച്ചു.
ഞാൻ നക്ഷത്രങ്ങൾക്കിടയിലൂടെ, നിലാവിൽ പറന്നുനടന്നു.
പക്ഷേ ആകാശത്തിൽ പറന്നുനടക്കാനാഗ്രഹിച്ച കൂട്ടുകാരിയെ ഞാനവിടെയെങ്ങും കണ്ടതേയില്ല.