അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...
2009 മേയ് 29, വെള്ളിയാഴ്‌ച
2009 മാർച്ച് 21, ശനിയാഴ്‌ച
പ്രണയകാലം
അവൾ പറഞ്ഞു.
"നമുക്ക് റേഷൻ കടയിലെ വരിയിൽ പുറകിലാകാതിരിക്കുക".
ഞാൻ പറഞ്ഞു.അവൾ കാതിൽ മന്ത്രിച്ചു:"നമുക്ക് വലിയൊരു മാളിക വേണം, നിറയെ വേലക്കാരും".
"എന്റെ കുടിൽ കെട്ടിമേയേണ്ട സമയം അതിക്രമിച്ചു".
ഞാൻ പറഞ്ഞു.
ഏറ്റവും വേഗതയിൽ പായുന്ന കാറുവേണം നമുക്കെന്ന് അവൾ പറഞ്ഞപ്പോൾ വഴിക്കുവെച്ച് വാറുപൊട്ടിയ ചെരുപ്പ് പൊതിഞ്ഞെടുത്തത് ഞാൻ അവളെ കാണിച്ചു.
അപ്പോൾ, സ്വപ്നങ്ങൾ കാണാൻ പോലും യോഗ്യതയില്ലാത്തൊരാളെയാണല്ലോ താൻ പ്രണയിച്ചത് എന്ന് അവൾ പരിതപിച്ചു. പിന്നയെന്നോട് സഹതപിച്ചുകൊണ്ട് എന്നോട് യാത്രപറഞ്ഞു.
പിന്നെയൊരു രാത്രി, എനിക്ക് വെള്ളിച്ചിറകുകൾ മുളച്ചു.
ഞാൻ നക്ഷത്രങ്ങൾക്കിടയിലൂടെ, നിലാവിൽ പറന്നുനടന്നു.
പക്ഷേ ആകാശത്തിൽ പറന്നുനടക്കാനാഗ്രഹിച്ച കൂട്ടുകാരിയെ ഞാനവിടെയെങ്ങും കണ്ടതേയില്ല.
2009 ഫെബ്രുവരി 21, ശനിയാഴ്‌ച
ഇത് ഒരു പ്രണയചിത്രം
സീൻ 1:
പുലർച്ച, സൂര്യോദയം.
ചെമ്പരത്തികൾക്കിടയിൽ, പൂജക്കു പൂ തേടുന്ന രണ്ടു കണ്ണുകൾ.
ഇരുനിറമാർന്ന ഒരോമന മുഖം.
സീൻ 2:
നട്ടുച്ച, ഉച്ചവെയിൽ.
കതിരണിപ്പാടവരമ്പിലൂടെ
.നടന്നകലുന്ന പച്ചപ്പട്ടുപാവാടക്കാരി.
സീൻ 3:
വൈകുന്നേരം ഇളവെയിലിൽ,
ഹൃദയത്തിന്റെ പിടപ്പിനിടയിൽ,
മുഖത്തിന്റെ പരിഭ്രമപ്രകടനത്തിനിടയിൽ
മറുപടി നഷ്ടപ്പെട്ട വിടരാൻ വെമ്പിയ പൂമൊട്ട്
സീൻ4:
സന്ധ്യ, അസ്തമയം.
കനത്ത കൂന്തലിലുടക്കിയ ചെത്തിപ്പൂവ്, തുളസിക്കതിരും.
സീൻ:5
രാത്രി, പൂർണ്ണ ചന്ദ്രൻ, നിലാവ്.
പ്രണയഭൂകമ്പങ്ങൾക്കിടയിൽ ആടിയുലഞ്ഞുകൊണ്ട്
ക്ലോസപ്പിൽ വീണ്ടും ഹൃദയം.
വീണ്ടും വീണ്ടും ഹൃദയരംഗം.
ഭാഗം രണ്ട്.
സീൻ 1.
ഇളവെയിൽ.
കഴുത്തിനുപിടിച്ച് നിശബ്ദനാക്കപ്പെട്ട പൂങ്കോഴി.
ബെഡ്‌കോഫിയുടെയും ടൂത്‌പേസ്റ്റിന്റെയും രുചിസങ്കലനം.
മുറ്റത്തുകൂടിയ ഹയ്ഡ്രേഞ്ചിയപ്പൂക്കൾക്ക്
കാർബൺ മോണോക്സൈഡിന്റെ യാത്രാഗീതം.
സീൻ 2.
നട്ടുച്ച.
കറങ്ങുന്ന കസേരയിൽ, കംപ്യൂട്ടറിനരികിൽ
പാഥേയം തുറക്കുമ്പോൾ അൽപ്പനേരത്തേക്ക് സമാധാനത്തിന്റെ സാൻവിച്ച്.
സീൻ 3.
വീണ്ടും ഇളവെയിൽ.
ഉച്ചയുറക്കം ശീലമാക്കിയ ഓർക്കിഡുകൾക്ക്
മോട്ടോർഗാനത്തിന്റെ ഉണർത്തുപാട്ട്.
ചുട്ടുപൊള്ളുന്ന ആറുവരിപ്പാതയ്ക്കരികിൽ ചുവന്നകണ്ണുരുട്ടി
പരിവേദനമോതുന്ന ട്രാഫിക്ദീപം.
സീൻ 4.
രാത്രി.
വിഢ്ഢിപ്പെട്ടിയിൽ കയറിക്കൂടിയ ബുദ്ധിയുള്ള രൂപങ്ങൾ
പ്രണയത്തിന് കോടികളുടെ പുത്തൻ സമവാക്യങ്ങൾ രചിക്കുമ്പോൾ
പ്രണയയാനം കടലിൽ മുങ്ങിത്താഴുമ്പോൾ,
ഹാ! പ്രണയം എത്ര മനോഹരം.
2009 ഫെബ്രുവരി 3, ചൊവ്വാഴ്ച
പിൻവിളികൾ
പാളങ്ങളുടെ പിൻവിളികൾ അവഗണിക്കപ്പെടുമ്പോൾ,
ശിരസ്സുനമിച്ചുകടക്കുന്ന പ്രവേശനകവാടത്തിൽ ക്ഷീണം മറക്കുന്ന വാത്സല്യധാരയും ചെറുനാരങ്ങനീരിലൊതുങ്ങാത്ത വിരുന്നുസൽക്കാരവുമായിാർമ്മയിൽനിറയുന്നത്
ചെമ്പരത്തിയും കഞ്ഞുണ്ണ്യവുമിട്ടു കാച്ചിയ സ്നേഹത്തിന്റെ സുഗന്ധമല്ലോ,
തുമ്പയും മുക്കുറ്റിയും ധന്യമാക്കുന്ന തൊടികളിലയുന്ന സ്വപ്നങ്ങളല്ലയോ.
തുളസിയെ ധ്യാനിച്ച്, തിരിവെട്ടത്തെ പ്രർത്ഥിച്ച് ചരൽ നിറഞ്ഞൊരാ മുറ്റത്തുകൂടിയ
ചെത്തി, ചെമ്പരത്തികളല്ലയോ.
കണിക്കൊന്ന ചായം തേച്ച മാവുകൾ പരത്തിയ കുളിരല്ലയോ.
വീണ്ടുമൊരു സ്വപ്ന നിർവ്വൃതിയിൽ നിറയുന്ന പാടങ്ങളല്ലയോ, പാതിരാപ്പൂവുകളല്ലയോ.
എങ്ങോ കെട്ടുമറന്നോരു പല്ലവിയാരോ മൂളുന്ന താളം; ചെവിയോർക്കവേ,
പകൽക്കിനാവിന്റെ പൂർണ്ണവിരാമമായി പാളങ്ങൾ തൻ പിൻവിളി...
2009 ജനുവരി 31, ശനിയാഴ്‌ച
പ്രകൃതി
അഛൻ ഒരു ,മലയാണ്‌ആശയങ്ങളും ശാസനകളും ഉള്ളിലൊതുക്കി
സംരക്ഷണത്തിന്റെ കരങ്ങൾ വിടർത്തി നിൽക്കുന്ന ഒരു മല.
അമ്മ നദിയാണ്. സ്നേഹമാണ്. കുളിരും ശുദ്ധിയും നിറഞ്ഞൊഴുകുന്ന വാത്സല്യമാണ്.
വറുതിയുടെ വേനലിൽ വറ്റാത്ത, മാരിയായ് പെയ്യുന്ന ദുഃഖത്തിലും ക്ഷോഭമായ് കരകവിയാതെ തെളിഞ്ഞ്, നിറഞ്ഞ് ശാന്തയായൊഴുകുന്ന നദി.
ചേച്ചി പാതയാണ് അലറുന്ന വാഹനങ്ങളില്ലാത്ത ഇരുവശവും പുല്ലും മരങ്ങളും നിറഞ്ഞ ഒറ്റയടിപ്പാത, ഇടവഴികളില്ലാതെ നേരെ നീണ്ടുനീണ്ടു പോകുന്ന പാത, തണൽ നിറഞ്ഞ ഒറ്റയടിപ്പാത.
ജ്യേഷ്ഠൻ സൂര്യനാണ്. ഊഷ്മളമായ സ്നേഹവും വ്യക്തമായ വെളിച്ചവുമായി മുകളിലെപ്പോഴും നിൽക്കുന്ന പ്രഭാത സൂര്യൻ, എല്ലാം കാണുന്ന എല്ലാം അറിയുന്ന പ്രഭാതസൂര്യൻ.
അവൾ മഴയാണ്, കാമുകിയാണ്. ഇളവെയിലിൽ പെയ്യുന്ന പുതുമഴ, സ്നേഹത്തിന്റെ ഊഷ്മാവുയരുമ്പോൾ ദുഃഖത്തിന്റെ തണുപ്പുമായെത്തുന്നു, അപ്പോൾ ഞാൻ നനയുന്നു, പ്രഭാതത്തിന്റെ ഇളവെയിലും മലയും പാതയും നനയുന്നു, നദി നനയുന്നു, ഞാൻ നനയുന്നു, കുളിർ നിറയുന്നു.
2009 ജനുവരി 17, ശനിയാഴ്‌ച
പുതുമഴയുടെ തുടക്കം
എന്റെ ഗ്രാമം.
പുഴയും കാവും, കുയിലും കുരുവിയും, സർപ്പക്കാവുകളും, പാടവും വേലിപ്പടർപ്പുകളും.......
സർവ്വോപരി ആ നാട്ടുകാരും, സുഹൃത്തുക്കളും. എന്റെ നഷ്ടസ്വപ്നങ്ങളും, സന്‌തോഷങ്ങളും.... വിട്ടുപോരേണ്ടി വന്ന ആത്മവ്, ജീവിത നാടകത്തിന്റെ ആദ്യത്തെ അരങ്ങ്.
ജീവിതക്കച്ചവടത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യത്രയിൽ കൂടെ കൊണ്ടുനടക്കാൻ ആത്മവിന്റെ ഒരു പാഥേയം.
മനസ്സിന്റെ അടിത്തട്ടിൽ നീറ്റലടക്കുന്ന ഒരു കുളിരും, ഗന്ധവും...
അതായിരിക്കട്ടെ എന്റെ ഈ പുതുമഴ.
ദക്ഷിണ: ഈ മഴയിലേക്ക് കുടയില്ലാതെ ഇറങ്ങി വരാൻ പ്രചോദനമായ ശ്രീ "ഉപാസന"ക്ക്, "ആദ്യക്ഷരി" യിലൂടെ ബൂലോഗത്ത് എഴുത്തിനിരുത്തിയ അപ്പുബ്ലോഗ്ഗർക്ക്