ഇടിമുഴക്കങ്ങൾക്ക്‌ ബധിരനും മിന്നലുകൾക്ക്‌ അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...

2009 ജനുവരി 31, ശനിയാഴ്‌ച

പ്രകൃതി

അഛൻ ഒരു ,മലയാണ്‌ആശയങ്ങളും ശാസനകളും ഉള്ളിലൊതുക്കി
സംരക്ഷണത്തിന്റെ കരങ്ങൾ വിടർത്തി നിൽക്കുന്ന ഒരു മല.
അമ്മ നദിയാണ്‌. സ്നേഹമാണ്‌. കുളിരും ശുദ്ധിയും നിറഞ്ഞൊഴുകുന്ന വാത്സല്യമാണ്‌.
വറുതിയുടെ വേനലിൽ വറ്റാത്ത, മാരിയായ്‌ പെയ്യുന്ന ദുഃഖത്തിലും ക്ഷോഭമായ്‌ കരകവിയാതെ തെളിഞ്ഞ്‌, നിറഞ്ഞ്‌ ശാന്തയായൊഴുകുന്ന നദി.
ചേച്ചി പാതയാണ്‌ അലറുന്ന വാഹനങ്ങളില്ലാത്ത ഇരുവശവും പുല്ലും മരങ്ങളും നിറഞ്ഞ ഒറ്റയടിപ്പാത, ഇടവഴികളില്ലാതെ നേരെ നീണ്ടുനീണ്ടു പോകുന്ന പാത, തണൽ നിറഞ്ഞ ഒറ്റയടിപ്പാത.
ജ്യേഷ്ഠൻ സൂര്യനാണ്‌. ഊഷ്മളമായ സ്നേഹവും വ്യക്തമായ വെളിച്ചവുമായി മുകളിലെപ്പോഴും നിൽക്കുന്ന പ്രഭാത സൂര്യൻ, എല്ലാം കാണുന്ന എല്ലാം അറിയുന്ന പ്രഭാതസൂര്യൻ.
അവൾ മഴയാണ്‌, കാമുകിയാണ്‌. ഇളവെയിലിൽ പെയ്യുന്ന പുതുമഴ, സ്നേഹത്തിന്റെ ഊഷ്മാവുയരുമ്പോൾ ദുഃഖത്തിന്റെ തണുപ്പുമായെത്തുന്നു, അപ്പോൾ ഞാൻ നനയുന്നു, പ്രഭാതത്തിന്റെ ഇളവെയിലും മലയും പാതയും നനയുന്നു, നദി നനയുന്നു, ഞാൻ നനയുന്നു, കുളിർ നിറയുന്നു.

2009 ജനുവരി 17, ശനിയാഴ്‌ച

പുതുമഴയുടെ തുടക്കം

യൗവ്വനത്തിന്റെ ആരംഭത്തിൽത്തന്നെ വിട്ടുപോരേണ്ടിവന്ന ആ സ്വർഗ്ഗം.
എന്റെ ഗ്രാമം.
പുഴയും കാവും, കുയിലും കുരുവിയും, സർപ്പക്കാവുകളും, പാടവും വേലിപ്പടർപ്പുകളും.......
സർവ്വോപരി ആ നാട്ടുകാരും, സുഹൃത്തുക്കളും. എന്റെ നഷ്ടസ്വപ്നങ്ങളും, സന്‌തോഷങ്ങളും.... വിട്ടുപോരേണ്ടി വന്ന ആത്മവ്‌, ജീവിത നാടകത്തിന്റെ ആദ്യത്തെ അരങ്ങ്‌.
ജീവിതക്കച്ചവടത്തിന്റെ പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള യത്രയിൽ കൂടെ കൊണ്ടുനടക്കാൻ ആത്മവിന്റെ ഒരു പാഥേയം.
മനസ്സിന്റെ അടിത്തട്ടിൽ നീറ്റലടക്കുന്ന ഒരു കുളിരും, ഗന്ധവും...
അതായിരിക്കട്ടെ എന്റെ ഈ പുതുമഴ.

ദക്ഷിണ: ഈ മഴയിലേക്ക്‌ കുടയില്ലാതെ ഇറങ്ങി വരാൻ പ്രചോദനമായ ശ്രീ "ഉപാസന"ക്ക്‌, "ആദ്യക്ഷരി" യിലൂടെ ബൂലോഗത്ത്‌ എഴുത്തിനിരുത്തിയ അപ്പുബ്ലോഗ്ഗർക്ക്‌