
ഹർഭജൻ ബബയുടെ ബങ്കർ
മൈനസ് 25 ഡിഗ്രി തണുപ്പത്ത് എല്ലാം മരവിച്ചുമഞ്ഞുകട്ടിയാകുന്ന മലനിരകളിൽ കാവൽ നിൽക്കുന്ന പട്ടുപാതയിലെ (Silk Route) പട്ടാളക്കാരുടെ കുലദൈവം. പക്ഷിമൃഗാദികൾക്കോ സസ്യങ്ങൾക്കോ വേണ്ടെങ്കിലും "നമ്മൾ നമ്മുടേതെന്നും അവർ അവരുടേതെന്നും" പറഞ്ഞ് അടികൂടുന്ന ഇൻഡ്യാ ചൈനാ അതിർത്തി. സമുദ്രനിരപ്പിൽ നിന്നും 14450 അടി ഉയരത്തിൽ, ചരിത്രപ്രസിദ്ധമായ വ്യാപാരവീഥി. നൂറ്റാണ്ടുകൾ നീണ്ടുനിന്ന പട്ടുവ്യാപാരത്തിന്റെ ഗതകാല സ്മൃതികളും പേറി മഞ്ഞിൻ പുതപ്പു പുതച്ച് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരപാത. ആദ്യകാല സഞ്ചാര സാഹിത്യകാരിലൊരാളായ ഹുയാൻസാങ്ങിന്റെ കാലടികൾ പതിഞ്ഞ ചുരം.
വേലിക്കെട്ടിനിപ്പുറം മദ്രാസ് റെജിമെന്റിന്റെ ധീരദേശാഭിമാനികളായ ഇൻഡ്യൻ പട്ടാളം, ത്രിവർണ്ണപ്പതാക വാനോളമുയർത്തി ജാകരൂകരായി കാവൽ നിൽക്കുന്നു. വെടിയുണ്ടകൾക്കുമുമ്പിൽ നെഞ്ചും വിരിച്ചുനിൽക്കുന്നതിനേക്കാൾ മനക്കരുത്തുവേണം ഈ തണുപ്പത്ത് ഇവിടെ ഇങ്ങനെ നിൽക്കാൻ.
വേലിക്കെട്ടിനപ്പുറത്ത് തിബറ്റ്. സെൻ ബുദ്ധമതത്തിന്റെ അതിനിഗൂഢ താന്ത്രിക രഹസ്യങ്ങൾ പരന്നുകിടക്കുന്ന മണ്ൺ.അതിനേക്കാൾ നിഗൂഢതയാർന്ന പുരാതന സംസ്കാരങ്ങളും നവീന രഹസ്യങ്ങളും ഉറങ്ങുന്ന ചൈനീസ് ഉരുക്കുസാമ്രാജ്യം. കുറുക്കൻ കണ്ണുകളും മഞ്ഞപ്പല്ലുകളുമായി ചൈനീസ് പട്ടാളക്കാർ - മരം കോച്ചുന്ന തണുപ്പിനേക്കാൾ അപകടകാരികൾ. അപ്രതീക്ഷിതമായ ഒരു ആക്രമണത്തിലൂടെ മലയിടിച്ചിലോ കല്ലുവീഴ്ചയോ ശീതക്കാറ്റോ സൃഷ്ടിച്ച് പരീക്ഷണങ്ങൾ നടത്തുന്ന പ്രകൃതിയുടേതിനേക്കാൾ നിഗൂഢമായ യുദ്ധതന്ത്രങ്ങൾ ആവനാഴിയിലൊളിപ്പിച്ച് തക്കം പാർത്തുകഴിയുന്ന അപകടകാരികൾ.
പ്രകൃതിയും അയൽക്കാരും ഒരുപോലെ ശത്രുതയിലായ ഒരിടത്തിന്റെ കാവൽക്കാർ.പതിനാലായിരത്തിലധികം അടി ഉയരത്തിൽ ശ്വാസവായു പോലും ദുർലഭം, ബന്ധുക്കളിൽ നിന്നും ആയിരക്കണക്കിനു മൈലുകൾ ദൂരെ.ഏകാന്തതയും വിഷാദരോഗങ്ങളും മറ്റുമാനസിക-ശാരീരികപ്രശ്നങ്ങളും സ്വാഭാവികം.

കാഞ്ചൻ ജംഗ
ഒരു രാത്രി ഒർ പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു ശിപായി നടരാജൻ. അതിർത്തിക്കപ്പുറത്ത് ചൈനീസ് പട്ടാളക്കാരുടെ അനക്കങ്ങളും നിലച്ചു. വിളക്കുകൾ അണൻഞ്ഞു. അവരും ഉറക്കമായിക്കാണണം, കൊടും തണുപ്പത്ത്.ശത്രുപാളയത്തിലെ നിശബ്ദത് ധൈര്യമെകിയ നടരാജൻ റൈഫിൾ തറയിൽ കുത്തി കസേരയിലിരുന്നു. എങ്ങും ഒരനക്കവുമില്ല. റൈഫിളിലേക്ക് പതുക്കെ തല ചായ്ച് ഒന്നുമയങ്ങി.
ഠേ!
ചെകിട്ടത്ത് ആരോ ആഞ്ഞൊരടി.
"ധം....കോൻ ആത്താ ഹൈ?!"ചാടിയെണീറ്റ നടരാജൻ റൈഫിൾ ചൂണ്ടി ചലഞ്ച് ചെയ്തു. ആരെയും കാണുന്നില്ല. അങ്ങു ദൂരെ അതിർത്തിക്കപ്പുറത്ത് ചൈനീസ് ബങ്കറുകളിൽ വെളിച്ചവും അനക്കവുമുണ്ട്. നൈറ്റ് വിഷൻ ബൈനോക്കുലർ എടുത്തു. അപ്പുറത്ത് മൂന്നുനാലു ചൈനക്കാർ ബങ്കറിനുള്ളിലേക്ക് ഓടിക്കയറുന്നു. സേർച്ച് ലൈറ്റ് ഓൺ ചെയ്തു. അടുത്തെങ്ങും ആരുമില്ല. അപ്പോൾ ചെകിട്ടത്തടിച്ചത് ആരാണ്?
ഒച്ച കേട്ട് ഡ്യൂട്ടി ഇൻ ചാർജ്ജ് സുബേദാർ രാമം ഓടിവന്നു. നടരാജൻ എല്ലാം അദ്യേഹത്തോട് വിശദീകരിച്ചു, വള്ളിപുള്ളി വിടാതെ.
"പേടിക്കണ്ട ബാബയാണ് നിന്നെ ഉണർത്തിയത്. ഡ്യൂട്ടിയിലുറങ്ങിയതിനാണ് അടി. അതിർത്തികളിൽ ചൈനക്കാർക്ക് ഇടക്ക് ഇങ്ങനെ ഒരു കുസൃതിയുണ്ട്. ആരുമറിയാതെ അതിർത്തിക്കിപ്പുറത്ത് അവരുടെ പതാക വരച്ചിടും, മുദ്രാവാക്യങ്ങളെഴുതിയിടും. അതിനുള്ളപുറപ്പാടായിരുന്നിരിക്കും. @#$%&*കൾക്കറിയില്ലല്ലോ നമ്മുടെ ബാബയുടെ ശക്തി!." രാമംസാബ് പറഞ്ഞു. "എന്തായാലും നീ നാളെത്തന്നെ ബാബയുടെ ബങ്കറിൽ ഒരു ബോട്ടിൽ വെള്ളാം വെക്കണം".

= = = = = = = = = = = = = = = =
പ്രതികൂല പരിതസ്ഥിതികളിൽ സേവനമനുഷ്ഠിക്കുന്ന പട്ടളക്കർക്ക് മനക്കരുത്തേകുന്നത് ഇത്തരം ചില വിശ്വാസങ്ങളാണ്.
പഞ്ചാബിലെ കപൂർത്തലക്കടുത്ത് കുക്ക എന്ന ഗ്രാമത്തിൽ ജനിച്ച ഹർഭജൻ സിംഗ് 1966ൽ സൈന്യത്തിൽ ചേർന്നു. 67-68ൽ ചൈനീസ് അതിർത്തിപ്രദേശമായ തുക്ല മഞ്ഞുമലകളിൽ ഡ്യൂട്ടിയിലായിരുന്ന് അയാൾ കാലുതെറ്റിവീണുമരിച്ചു. വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. പിന്നീടൊരു രാത്രിയിൽ കൂട്ടുകാർക്ക് സ്വപ്നദർശനം നൽകി ഹർഭജൻ സിംഗ് തന്നെ തന്റെ മൃതദേഹം കിടക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നുവത്രെ! അന്നുമുതൽ സിപ്പ്പായി ഹർഭജൻ സിംഗ് ഹർഭജൻ ബാബയായി.

ചില പ്രത്യേക ദിവസങ്ങളിൽ നാഥുലയിലെ സൈനികർ ബാബക്കുവേണ്ടി നൊയമ്പുനോൽക്കാറുണ്ട്.പിന്നീട് ഒരമ്പലമായി മാറിയ അദ്യേഹത്തിന്റെ ബങ്കറിൽ നിറഞ്ഞിരിക്കുന്ന വെള്ളം നിറച്ച മിനറൽ വാട്ടറിന്റെ കുപ്പികൾ ആഗ്രഹപൂർത്തീകരണത്തിനായി ഭക്തർ സമർപ്പിച്ചിട്ടുപോകുന്നതാണ്. ആഗ്രപ്രാപ്തിക്കുശേഷം അവർ അവിടെവന്ന് അതെടുത്തുകൊണ്ടുപോകണമത്രെ! പിന്നെ പരക്കുന്ന അത്ഭുത കഥകളും. ജോലിയിൽ വീഴ്ചവരുത്തുന്നവർക്ക് അടി, ദൂരെ എല്ലാ പട്ടാളക്കാരുടെയും വീടുകളിൽ സമാധാനം, എല്ലാവർക്കും ആരോഗ്യം, പട്ടാളയൂണിറ്റിന് ഭാഗ്യം..... എന്തായാലും ഈ കാലാവസ്ഥയെ അതിജീവിക്കാനുള്ള ഭാഗ്യത്തിന് ഒരു അമാനുഷിക ശക്തിയുടെ പിന്തുണ ആവശ്യം തന്നെ. പട്ടാളക്കാരുടെ മനസ്സറിഞ്ഞ മാനേജ്‌മന്റ് തന്ത്രമോ, അന്ധവിശ്വാസമോ, ഹർഭജൻ ബാബയെ ബഹുമാനിക്കാൻ ഇൻഡ്യൻ ആർമിയും മുന്നിട്ടിറങ്ങുന്നു.
സൈന്യം ഒരിക്കലും അദ്യേഹം മരിച്ചതായി കരുതിയില്ല.ഹർഭജൻ സിങ്ങിന് ജീവിച്ചിരിക്കുന്ന ഒരു സൈനികനെപ്പോലെ കരുതിയാനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും നൽകിപ്പോന്നു. അദ്യേഹത്തിന്റെ ശമ്പളം കൃത്യമായി അദ്യേഹത്തിന്റെ വീട്ടിലേക്കയച്ചു. അദ്യേഹത്തെ ലീവിനുയാത്രയാക്കുന്ന ചടങ്ങ് നാഥുലയിലെ ഒരു ആഘോഷമാണ്.!

ന്യൂ ജൽപായ് ഗുരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും ജലന്ധറിലേക്ക് രണ്ടു സീറ്റ് റിസർവ്ഡ് ആയിരിക്കും. ബാബക്കും അദ്യേഹത്തിന്റെ ഓർഡർലിക്കും. ജലന്ധറിൽ ആർമി കോർ ഹെഡ്‌ക്വാർട്ടേർസ്സിൽ അദ്യേഹത്തെ സ്വീകരിക്കും. അവിടന്ന് സ്വന്തം നാടായ കുക്കയിലേക്ക്. ഈ വരവ് ആ ഗ്രാമത്തിനും ഒരു ആഘോഷമാണ്.
1968ൽ മരിച്ചുപോയ ഹർഭജൻ സിംഗ് 2008ൽ ഒരു സോൾജർക്കുകിട്ടാവുന്ന ഏറ്റവും ഉയർന്ന റാങ്കായ ഹൊണററി ക്യാപ്റ്റനായി സർവ്വീസിൽ നിന്നും വിരമിച്ചു, ഔദ്യോഗികമായിത്തന്നെ