ഇടിമുഴക്കങ്ങൾക്ക്‌ ബധിരനും മിന്നലുകൾക്ക്‌ അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...

2010 ഡിസംബർ 28, ചൊവ്വാഴ്ച

കിഴക്കൻ ഹിമാലയാനുഭവങ്ങൾ-രണ്ടാം ഭാഗം:

(ഒന്നാം ഭാഗം ഇവിടെ)

ആറുമണിക്കൂർ നീണ്ട യാത്രയാണ്‌ ഗാങ്ങ്‌ടോക്കിൽ നിന്നും ലാച്ചെനിലേക്ക്‌.BRO എന്ന പാരാമിലിട്ടറി വിഭാഗമാണ്‌ ഏറെക്കുറെ അസാദ്ധ്യമായ ഈ മലനിരകളിലൂടെ റോഡുകൾ പണിതു സംരക്ഷിക്കുന്നത്‌. ഓരോ നൂറു മീറ്ററിലും ഓരോ അരുവികളെ മുറിച്ചുകടക്കുന്ന ഇരുമ്പുപാലങ്ങൾ, കാറ്റിൽ ഇളകിപ്പറന്ന് ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന മന്ത്രങ്ങളെഴുതിയ പ്രാർത്ഥനക്കൊടികൾ.ഇടക്കിടെ വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങൾ.ഓരോ മഴക്കാലത്തും മലയിടിച്ചിലിലും മറ്റുമായി തകർന്നുപോകുന്ന റോഡുകൾ നന്നാക്കുന്ന BRO. അവരുടെ സൈൻ ബോർഡുകളിൽ എഴുതിയിരിക്കുന്ന വരികൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. 'ഞങ്ങൾ മലകൾക്കിടയിലും മനസ്സുകൾക്കിടയിലും പാലങ്ങൾ പണിയുന്നു.'



മലയിടിഞ്ഞുവീണ റോഡിൽ പലയിടത്തും കണ്ടാൽ ഭയം തോന്നുന്ന ഭീമൻ പാറക്കല്ലുകൾ. ചിലതെല്ലാം അപ്പോൾ വീണതെന്നപോലെ നടുറോഡിൽ കിടക്കുന്നു. അത്തരമൊന്ന് വണ്ടിക്കുമുകളിലെങ്ങാൻ വീണാൽ....! ഇടക്കിടക്ക്‌ കൊച്ചരുവികൾ മലയിറങ്ങി റോഡുമുറിച്ചുകടന്ന് താഴേക്കെടുത്തുചാടുന്നു. മണ്ണിടിഞ്ഞ്‌ നന്നേ വീതികുറഞ്ഞ റോഡിൽ എതിരെ ഏതെങ്കിലും വാഹനം വന്നപ്പോളൊക്കെ സുഭാഷ്‌ വളരെ ബുദ്ധിമുട്ടി, അതിസാഹസികമായാണ്‌ കടന്നുപോയത്‌. സെന്റീമീറ്ററുകളുടെ ദൂരമേ പലപ്പോളും വണ്ടിയുടെ ചക്രങ്ങളും അഗാധമായ കൊക്കയും തമ്മിലുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഭയം കണ്ടപ്പോൾ സുഭാഷിന്‌ ചിരി.

ഇടക്ക്‌ കാപ്പികുടിക്കാൻ നിറുത്തിയത്‌ സെവൻ സിസ്റ്റേഴ്സ്‌ എന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തിനരികെ. മഴവെള്ളം കുടിച്ച്‌ മത്തുപിടിച്ച തീസ്ത ഉയരത്തിൽ നിന്നും ഏഴുതട്ടുകളായി താഴേക്ക്‌. അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. ഉണരൂ മനുഷ്യാ എന്ന് ചുറ്റുമുള്ള മനോഹാരിതയിലേക്ക്‌ മാടി വിളിക്കുന്ന പോലെ പ്രകൃതി മുഖത്തു തണുത്ത വെള്ളം തളിച്ചുണർത്തുന്നു.

ഉച്ചയോടെ മാംങ്കൻ എന്ന കൊച്ചുപട്ടണത്തിലെത്തി. സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലാണ്‌ ഈ പട്ടണം. wild Cardamom എന്ന കാട്ട്‌ ഏലക്കയ്ക്ക്‌ പ്രസിദ്ധമാണത്രെ ഇവിടം. ഗാങ്ങ്‌ടോക്കിൽ നിന്നും ഏകദേശം 65 കി മീ. അഞ്ചുകിലോമീറ്ററും കൂടി കഴിഞ്ഞപ്പോൾ സിങ്ഖിക്‌ എന്ന സ്ഥലമെത്തി. ഇവടെ നിന്നുള്ള കാഞ്ചൻ ജംഗയുടെ ദൃശ്യം പ്രസിദ്ധമാണ്‌. എന്നാൽ കാറുമൂടിയ അന്തരീക്ഷം ആ ദർശനസൗഭാഗ്യം അനുവദിച്ചില്ല. സൈന്യത്തിന്റേയും ITB തുടങ്ങിയ അർദ്ധ സൈനിക വിഭാഗങ്ങളുടെയും സാന്നിദ്ധ്യം പ്രകടമായിത്തുടങ്ങി.



ഒരു ഇരുപത്തിയഞ്ചു കി മീ കൂടി പോയാൽ ചുംതാങ്ങ്‌ എന്ന സ്ഥലമായി.സമുദ്ര നിരപ്പിൽ നിന്ന്നും 5600 അടി ഉയർത്തിൽ. ലാചുങ്ങ്‌, ലാചെൻ തുടങ്ങിയ രണ്ടു പ്രധാന ഇടങ്ങളിലേക്ക്‌ തിരിഞ്ഞുപോകുന്ന ഒരു ജങ്ങ്‌ഷൻ. ലാചെനിൽ നിന്നും ഗുരുഡോങ്ങ്‌മറിലേക്കും ലാചുങ്ങിൽ നിന്നും യുംതാങ്ങ്‌ വാല്ലിയിലേക്കും പോകാം. ലാചെൻ എന്നാൽ വലിയ്‌ ചുരം എന്നും ലാചുങ്ങ്‌ എന്നാൽ ചെറിയ ചുരം എന്നുമാണത്രെ അർത്ഥം. ലാചെൻ ചു, ലാചുങ്ങ്‌ ചു എന്നിങ്ങനെ രണ്ടരുവികൾ ചേർന്ന് തീസ്താനദി രൂപം കൊള്ളുന്നതും ഇവിടെവച്ചാണ്‌.

ഇവിടെ നിന്നും ലാചുങ്ങിലെക്കുപോകുന്നവഴി ഡിക്ചു എന്ന സ്ഥലം. 510MW ശേഷിയുള്ള തീസ്ത V എന്ന ജലവൈദ്യുത പദ്ധതിയുടെ ജോലികൾ ഇവിടെ പുരോഗമിക്കുന്നു. പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടങ്ങളിൽ പണിയുന്ന ഇത്തരം ഡാമുകൾ വ്ഹിക്കുന്ന അപകടങ്ങളെപ്പറ്റി സുഭാഷിന്‌ നല്ല ബോധ്യമുണ്ട്‌.
ഇത്തരത്തിലുള്ള പത്തുഡാമുകളാണ്‌ തീസ്തയിലും കൈവരികളിലുമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഉൽപ്പാദനം 49 മുതൽ 1200 MW വരെ വൈദ്യുതിയും. ഇതിൽ തന്നെ പല പദ്ധതികളും നൂറുകണക്കിന്‌ ഏക്കർ വനപ്രദേശങ്ങളെ മുക്കിക്കൊന്നുകൊണ്ടാണ്‌ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്‌. സിക്കിമിനും പരിസരപ്രദേശമായ ഡാർജ്ജിലിങ്ങിനും കൂടി ആകെ ആവശ്യം 500 MWൽ താഴെ മാത്രം വൈദ്യുതിയാണെന്നും ഓർക്കണം.

ഏകദേശം 200 വർഷങ്ങൾക്കുമുൻപ്‌ ഇപ്പോൽ ബംഗ്ലാദേശിൽ ബ്രഹ്‌മപുത്രാനദിയിൽ ചെന്നുചേരുന്ന തീസ്ത 200 കി മീ ഓളം ദൂരെ ഗംഗാ നദിയിലായിരുന്നുവത്രെ ഒഴുകിയെത്തിയിരുന്നത്‌! 150 കി മീ ഒഴുകുന്നതിനിടെ 6000 മീ താഴേക്കാണ്‌ തീസ്ത കുതിച്ചെത്തുന്നത്‌.



ഗുരു പദ്മസംഭവരുടെ കാലടികൾ പതിഞ്ഞ ഒരു പാറ ചുംതാങ്ങിലുണ്ട്‌. അതിനടുത്ത്‌ ഇവിടത്തെ കാലാവസ്ഥക്ക്‌ ഒട്ടും ചേരാത്ത നെൽച്ചെടികൾ മുളച്ചുനിൽക്കുന്നു. ഗുരുജി ഇവിടെയെത്തിയപ്പോൾ അനുഗ്രഹിച്ച്‌ വാരിയെറിഞ്ഞ ഒരു പിടി നെൽമണികളിൽ നിന്നാണത്രെ അവിടെ നെൽകൃഷി തുടങ്ങിയത്‌! ബുദ്ധമതത്തെ ഇൻഡ്യയിൽ നിന്നും തിബത്തിലെത്തിച്ച സംന്യാസിവര്യനാണ്‌ ഗുരു പദ്മസംഭവർ. തിബറ്റൻ ബുദ്ധമതാനുയായികൾക്ക്‌ നമ്മുടെ ശങ്കരാചാര്യരോളം ആര്യാദ്ധ്യൻ. ഇദ്ദ്യേഹം തന്നെയാണ്‌ 17500 അടി ഉയരത്തിലുള്ള ഗുരുഡോംഗ്മർ എന്ന പുണ്യജലാശയത്തിന്റെ ഒരുഭാഗം ഒരുകാലത്തും ഉറഞ്ഞ്‌ മഞ്ഞുകട്ടിയാകാതിരിക്കാൻ തൊട്ടനുഗ്രഹിച്ചത്‌ - -20 - -25 ഡിഗ്രി വരെയെത്തുന്ന കൊടും തണുപ്പത്തുപോലും!

----------------------------------------------------------------

ഗുരുഡോംഗ്‌മറിലേക്കുള്ള യാത്ര തുടരും.......

2010 നവംബർ 23, ചൊവ്വാഴ്ച

കിഴക്കൻ ഹിമാലയാനുഭവങ്ങൾ


ഒന്ന്: ഗാങ്ങ്‌ടോക്‌


മലകൾ, മല നിരകൾ.... പച്ച വസ്ത്രം ധരിച്ച്‌, മേഘക്കീറുകൾ വാരിപ്പുതച്ച്‌, ഭൂമിയെയും പ്രകൃതിയെയും പക്ഷിമൃഗാദികളേയും നിരീക്ഷിച്ചുകൊണ്ട്‌ ഒരു കവിയേപ്പോലെ സർഗ്ഗധ്യാനത്തിലിരിക്കുണവ...... പിണെ കുറച്ചുകൂടി ദൂരെ ശുഭ്രവസ്ത്രം ധരിച്ച്‌, അലങ്കാരങ്ങളൊന്നുമില്ലാതെ ഒന്നും കണാതെയറിയാതെ കഠിനതപസ്സിലമർന്നവ.....

രണ്ടായാലും മലകൾക്ക്‌ ഒരു ആത്മീയ പരിവേഷമുണ്ട്‌. ആ മടിത്തട്ടിലിരുന്ന് ഒന്നു കണ്ണടച്ചാൽ ഏതു ഭൗതിക വാദിയുടെ മനസ്സും ഇഹത്തിനപ്പുറത്തേക്ക്‌ പറക്കും. അതുകൊണ്ടുതന്നെയായിരിക്കും ആത്മീയാചാര്യന്മരെല്ലാം മനസ്സിനെ പാകപ്പെടുത്താൻ മലകൾ കയറിയത്‌.

ലോകത്തിന്റെ തന്നെ ആത്മീയതയുടെ ആസ്ഥാനമാണ്‌ ഹിമാലയപർവ്വതനിരകൾ. കിഴക്കൻ ഹിമാലയ നിരകൾക്ക്‌ മിസ്റ്റിക്‌ സ്വഭാവം കുറച്ച്‌ കൂടുതലാണ്‌. ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും തിബറ്റും നേപ്പളും ഭൂട്ടാനും ഒക്കെ കിഴക്കൻ ഹിമാലയത്തിന്റെ ഭാഗമാണ്‌. പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും ഇവിടങ്ങളിൽ മഴ വളരെ കൂടുതലാണ്‌. അതുകൊണ്ടുതന്നെ വൃക്ഷലതാദികളും പച്ചപ്പും.

ദൈനംദിന ജീവിതത്തിൽ നിന്നും ഒരു 'ബ്രേക്‌' ആവശ്യമാണെന്നു തോന്നിയപ്പോൾ തൊട്ടടുത്തുകിടക്കുന്ന ഈ മിസ്റ്റിക്‌ മലനിരകൾ ഒരു സ്വാഭാവിക ചോയ്സ്‌ ആയിരുന്നു. 7096 ച. കി. മീ മാത്രം വിസ്തീർണ്ണമുള്ള , നേപാളും ചൈനയും (റ്റിബറ്റ്‌), ഭൂട്ടാനും അതിർത്തികൾ തീർക്കുന്ന കൊച്ചു സിക്കിം യാത്രക്കാർക്കു നൽകുന്നത്‌ കിഴക്കൻ ഹിമാലയനിരകളുടെ വലിയ അനുഭവങ്ങളാണ്‌. കിഴക്ക്‌ ചോലപർവ്വതനിരകളും പടിഞ്ഞാറ്‌ സിംഗലീലാ പർവ്വതനിരകളും വടക്കുഭാഗത്ത്‌ സാക്ഷാൽ ഹിമാലയത്തിന്റെ പ്രധാന പർവ്വത നിരകളും അതിർത്തി തീർക്കുന്ന സിക്കിം. മലനിരകൾക്ക്‌ ആഭരണം ചാർത്തി തീസ്താ നദിയും രംഗീത്‌ നദിയും.ജനസംഖ്യ ഏകദേശം അഞ്ചര ലക്ഷം മാത്രം.

സിക്കിമിന്റെ ഉൾനാടുകളിലേക്ക്‌ പ്രവേശനം നിയന്ത്രിതമാണ്‌.ടൂറിസ്റ്റുകൾക്ക്‌ അവിടങ്ങളിലേക്കുപോകാനുള്ള പാസ്‌ ഗാങ്‌ടോക്കിലെ ടൂറിസ്റ്റ്‌ ഏജൻസികൾ ഏർപ്പടുചെയ്യും.പലയിടത്തുനിന്നും ശേഖരിച്ച പല ഏജൻസികളുടെ നംബറുകളിൽ ബന്ധപ്പെട്ടപ്പോൾ മൂന്നുദിവസവും രണ്ടുരാത്രികളും ഉൾപ്പെട്ട വടക്കൻ സിക്കിം ഫുൾ പാക്കേജിന്‌ മുപ്പതിനായിരം രൂപ വരെ ചാർജ്ജു പറഞ്ഞവരുണ്ട്‌. ഇവിടെ സിലിഗുരിയിൽ നിന്നാണ്‌ വിളിക്കുന്നത്‌ എന്നുപറഞ്ഞപ്പോൾ നിരക്ക്‌ നെഗോഷ്യബൾ ആണെന്നായി പലരും. ഐസ്‌ ബർഗ്ഗ്‌ ടൂർ ആൻഡ്‌ ട്രാവൽസ്‌ ന്റെ പാക്കേജ്‌ താരതമ്യേന ഭേദമെന്നു തോന്നി.(Cont: Mr Sonam Dorjee,ph.+919475013881, 2nd Floor,Hotel Anola, MG Marg, Gangtok, Sikkim-737101, icebergtravels@gmail.com).

കൊൽക്കത്തയിൽ നിന്നും 10മണിക്കൂർ ട്രെയിൻ യാത്രചെയ്താൽ ന്യു ജൽപായ്‌ ഗുരി യിലെത്തും. അവിടെ നിന്നും മൂന്നുനാലു കി.മീ പോയാൽ സിലിഗുരിയിലെത്താം. സിലിഗുരിയിൽ നിന്നും സിക്കിം ഗവെണ്മെന്റിന്റെ ബസ്സിലോ, യധേഷ്ടം ലഭിക്കുന്ന സുമോ സർവ്വീസുകളിലോ ഗങ്ങ്‌ടോക്കിലെത്താം. റയിൽവേ സ്ടേഷനിൽ നിന്നും വണ്ടികൾ ലഭ്യമാണ്‌. തൊട്ടടുത്ത എയർപ്പോർട്ട്‌ ബഗ്ഡോഗ്ര. വടക്കുകിഴക്കൻ ഇൻഡ്യയുടെ കവാടമാണ്‌ സിലിഗുരി. അനവധി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സാമീപ്യം കൊണ്ട്‌ ടൂറിസ്റ്റ്‌ മാപ്പിൽ വളരെ പ്രധാനമാണ്‌ ഇവിടം.

മലകളും മരങ്ങളും നിറഞ്ഞ മഴപെയ്തൊഴിഞ്ഞ് കുളിച്ചുതുവർത്തിനിൽക്കുന്ന കാടിനു നടുവിലൂടെ, റോടുമുറിച്ചുകടന്നുതാഴേക്കെടുത്തുചാടുന്ന അരുവികളും ഇടക്കിടെ കുശലം പറയാനെത്തുന്ന മേഘങ്ങളും നിറഞ്ഞ വഴിയിലൂടെ ഒരു യാത്ര. എപ്പോഴൊക്കെയോ ഏതൊക്കെയോ സ്വപ്നങ്ങളിൽ മിന്നിമറഞ്ഞുപോയ ഒരനുഭവത്തിന്റെ സാക്ഷാത്കാരം. സമുദ്ര നിരപ്പിൽ നിന്നും 5200മീ.(17500 അടി) ഉയരത്തിലുള്ള 'ഗുരുഡോംഗ്മർ' തടാകം, പിന്നെ 12000 അടി ഉയരത്തിലുള്ള പുഷ്പങ്ങളുടെ താഴ്‌വരയായ യുംതാങ്ങ്‌ വാലി. ഇവയായിരുന്നു ലക്ഷ്യം.

ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ മഴക്കാലം പൂർണ്ണമായും വിടപറഞ്ഞിരുന്നില്ല. കുരച്ചധികം നാളായി മനസ്സിലിട്ടുകൊണ്ടുനടന്നിരുന്ന യാത്രയാണ്‌. മഴ പ്രശ്നമുണ്ടാക്കുമോ എന്ന ഭയം നല്ലവണ്ണമുണ്ടായിരുന്നു.

ഇടക്കുവച്ച്‌ തീസ്താ നദി കൂടെക്കൂടിയതോടെ മറ്റു ആകാംക്ഷകളെല്ലാം മറന്നു. തല്ലിത്തകർത്ത്‌ കുതിച്ചൊഴുകുന്ന തീസ്ത യാത്രയുകൂടനീളം കൂടെയുണ്ട്‌. വഴിയരികിൽ കണ്ട കൊച്ചുകൊച്ചു കവലകളിലെ കടകളുടെയെല്ലാം ബോർഡുകളിൽ വെസ്റ്റ്‌ ബംഗാൾ എന്നത്‌ മായ്ച്‌ ഗൂർഖാ ലാൻഡ്‌ എന്ന് എഴുതിച്ചേർത്തിരിക്കുന്നു. അവരുടെ വളരെ നാളത്തെ മോഹം. നാലുമണിക്കൂർ വഴിയുണ്ട്‌ സിലിഗുരിയിൽ നിന്നും ഗാങ്ങ്‌ടോക്കിലേക്ക്‌. അതിമനോഹരമായ ദൃശ്യങ്ങളുടെ ഇടയിലൂടെ അതിമനോഹരമായ ഒരു യാത്ര.




ഗാങ്ങ്‌ടോക്കിലെത്തിയതിനുശേഷം ആദ്യം ചെയ്തത്‌ ട്രാവൽ ഏജന്റ്‌ സോനം ദോർജ്ജിയെ സന്ദർശിക്കുകയായിരുന്നു. രണ്ടു പാസ്പോർട്‌ സൈസ്‌ ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഏൽപ്പിച്ചു, പെർമ്മിറ്റിനുവേണ്ടി. ദോർജ്ജി യാത്രയെപ്പറ്റി ഒരു വിവരണം നൽകി. റൂമിലെത്തി അടുത്ത പ്രഭാതത്തിൽ ആരംഭിക്കാനുള്ള യാത്രക്കായി കാത്തിരുന്നു, അക്ഷമരായി.

അടുത്ത ദിവസം രാവിലെ തന്നെ ദോർജ്ജിയുടെ സഹായി റൂമിലെത്തി. ഗാങ്ങ്‌ടോകിൽ ട്രാഫിക്‌ നിയന്ത്രണങ്ങൾ വളരെ കർക്കശമായതിനാൽ ഞങ്ങളുടെ യാത്ര കുർച്ചപ്പുറത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ്‌ തുടങ്ങുക. അവിടെ വരെ ഞങ്ങളെ ഡ്രോപ്പുചെയ്യാനാണ്‌ തന്റെ ചെറിയ കാറുമായി അയാൾ എത്തിയത്‌. സുഭാഷ്‌ എന്ന ഡ്രൈവറെ പരിചയപ്പെടുത്തി- 'അടുത്ത മൂന്നുദിവസത്തേക്ക്‌ ഇയാൾ നിങ്ങളെ നയിക്കും'. കൈ കുലുക്കി ഭാവുകങ്ങൾ നേർന്നുകൊണ്ട്‌ അയാൾ മറഞ്ഞു. യാത്ര ആരംഭിക്കുകയായി.


2010 മാർച്ച് 27, ശനിയാഴ്‌ച

നഗരക്ഷേത്രം

നഗരം വളരുകയാണ്‌. നഗരത്തോടൊപ്പം അമ്പലവും. എങ്ങനെ വളരാതിരിക്കും? പരമ്പൊരുളായ ഭഗവാനല്ലേ അകത്തിരിക്കുന്നത്‌? നാരായാണേട്ടൻ ഓർത്തു. പണ്ട്‌ ഒരു കൊച്ചുമുറിയും ഒരു ഫോട്ടോയുമായി തുടങ്ങിയതാണ്‌. ഗവന്മെന്റുദ്യോഗത്തിൽ നിന്നും വിരമിച്ച ഒരു പട്ടരാണ്‌ തുടങ്ങിയത്‌. നഗരത്തിലെ കണ്ണായ സ്ഥലത്ത്‌ അദ്യേഹം വാങ്ങിയതാണ്‌ ആ മുറി. ഉദ്യോഗത്തിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ തുക മുഴുവൻ അദ്യേഹം അമ്പലത്തിനുവേണ്ടി ചിലവഴിച്ചു. അവിവാഹിതനായിരുന്ന അദ്യേഹത്തിന്‌ ബന്ധുക്കളോ അനന്തരാവകശികളോ ഉണ്ടായിരുന്നില്ല. അന്നൊക്കെ ക്ഷേത്രത്തിൽ തിരക്കും കുറവായിരുന്നു.പട്ടർ വൈകുന്നേരങ്ങളിൽ തന്റെ ഹാർമ്മോണിയവുമെടുത്തുവെച്ച്‌ കീർത്തനങ്ങളാലപിക്കും. പൂജാകർമ്മങ്ങൾ വിധിപ്രകാരം നടത്തും. ഞായറാഴ്ച വൈകുന്നേരങ്ങളിൽ തന്റെ പെട്ടിക്കടക്ക്‌ അവധി പ്രഖ്യാപിച്ച്‌ നാരായണേട്ടനും അമ്പലത്തിലെ ഒരു സ്ഥിരം സന്ദർശകനായി. മിക്കവാറും നാരായണേട്ടനും പട്ടരും മാത്രമായിരുന്നു അന്നൊക്കെ അമ്പലത്തിലെ സന്ദർശകർ.

നഗരത്തിന്റെ വളർച്ചയിൽ നാരായണേട്ടന്റെ പെട്ടിക്കട റോഡുവികസനത്തിന്റെ ഭാഗമായി തകർക്കപ്പെട്ടു. പത്തിരുപത്തിയഞ്ചുകൊല്ലമായി അദ്യേഹത്തിന്റെ ഉപജീവനമാർഗ്ഗമായിരുന്നു അത്‌. പുറമ്പോക്കിലായിരുന്നതിനാൽ നഷ്ടപരിഹാരം പോലും കിട്ടിയില്ല.ജീവിതം വഴിമുട്ടിയെന്നുറപ്പിച്ച സമയം. അമ്പലം മാത്രമായിരുന്നു ഒരാശ്രയം. മകന്റെയും മകളുടെയും പഠിത്തം പോലും വഴിമുട്ടി. മാനസികമായി ആകെത്തകർന്ന ആ സമയത്ത്‌ ഭഗവാനല്ലാതെ ആരാണ്‌ ഒരാശ്രയം?

നാരായണേട്ടന്റെ ആ അവസ്ഥയറിഞ്ഞ പട്ടർ ജീവിതത്തിലാദ്യമായി ഒരു ശുപാർശ നടത്തി. അങ്ങനെ നഗരത്തിൽ പച്ച പിടിച്ചു വരുന്ന ഒരു പുത്തൻ വ്യവസായി മോഹനൻ നായർ തുടങ്ങിയ സെക്യുരിറ്റി ഏജൻസിയിൽ ജോലി കിട്ടി. രാത്രി മുഴുവൻ ഉറക്കമില്ലാത്ത ജോലി. പൊരുത്തപ്പെടാൻ കുറച്ചുസമയമെടുത്തു. ശമ്പളം കുറവാണ്‌. മകൾ രാജി വീടിനടുത്ത പെട്രോൾ പമ്പിൽ ജോലിയൊപ്പിച്കു. പഠിക്കാൻ അവൾ മിടുക്കിയായിരുന്നു. ഒരുവിഷയത്തിൽ പോലും അന്നുവരെ അവൾ തോറ്റിട്ടില്ല. അതൊക്കെ ഓർക്കുമ്പോൾ നാരായണേട്ടന്‌ നെഞ്ചിൽ ഒരു കിരുകിരുപ്പ്‌.

ഭാര്യ സരസ്വതിക്കായിരുന്നു മക്കൾ വലിയവരായി കാണാൻ വലിയ ആഗ്രഹം. പഴയ നല്ലനാളുകളിൽ എന്തൊക്കെ സ്വപ്നങ്ങളാണ്‌ അവൾ നെയ്തുകൂട്ടിയിരുന്നത്‌! പാവം, എന്തായാലും ഈ അവസ്ഥ കാണാൻ കാത്തുനിന്നില്ല. ഈ രാത്രി ആകാശത്ത്‌ എവിടെയെങ്കിലും ഇരുന്ന് അവൾ ഇതൊക്കെ കണ്ട്‌ നെടുവീർപ്പുടുന്നുണ്ടായിരിക്കുമോ? "ക്ഷമിക്കൂ സരസൂ എനിക്കതിനൊന്നുമായില്ല." നാരായണേട്ടൻ നെടുവീർപ്പിട്ടു.

നഗരം വളർന്നപ്പോൾ, റിയൽ എസ്റ്റേറ്റ്‌ മാർക്കെറ്റ്‌ പൂത്തുലഞ്ഞപ്പോൾ, കോടികൾ വിലമതിച്ച ആ സ്ഥാലത്തിന്‌ നല്ല വിലപറഞ്ഞ്‌ പലരും എത്തി. തന്റെ ഭഗവാനെ കൈവിടാൻ മടിച്ച പട്ടർ ചികിത്സിക്കാൻ പണമില്ലാതെയാണ്‌ ഭഗവാന്റെ നടക്കൽ വീണുമരിച്ചത്‌.

അദ്ദേഹത്തിന്റെ അവസാനകാലത്ത്‌ ശിങ്കിടിയായി കൂടെ കൂടിയതാണ്‌ രവീന്ദ്രൻ. പട്ടളത്തിൽ നിന്ന് എന്തോ കാര്യത്തിന്‌ അയാളെ പുറത്താക്കുകയായിരുന്നുവത്രേ. അരോ ചതിച്ചതാണെന്നല്ലാതെ കാര്യമെന്താണെന്നൊന്നും ആർക്കും അറിയില്ല. പട്ടർക്ക്‌ അയാളെ വലിയ കാര്യമായിരുന്നു. പൂജാ കർമ്മങ്ങളും മന്ത്രവിധികളും പാഞ്ഞുകൊടുത്ത്‌ രവീന്ദ്രനെ അമ്പലത്തിന്റെ പിന്തുടർച്ചാവകശിയാക്കി. ബ്രഹ്മമറിഞ്ഞവൻ ബ്രാഹ്മണൻ. കർമ്മമാണ്‌ ബ്രാഹ്മണനെ ബ്രാഹ്മണനാക്കിമാറ്റുന്നത്‌.

രവീന്ദ്രൻ ഏറ്റടുത്തതിനുശേഷം അമ്പലത്തിന്റെ ഐശ്വര്യം പതിന്മടങ്ങുവർദ്ധിച്ചു. സംഭാവനകൾ കുമിഞ്ഞുകൂടിയപ്പോൾ പഴയ ഒറ്റമുറി ഓഫീസ്‌ മുറിയായി. പുതിയ ഗർഭഗൃഹവും ചുറ്റുമതിലും തിടപ്പള്ളിയും തയ്യാറായി. കേരളത്തിൽ നിന്നും അതിപ്രശസ്തമായ മനയ്ക്കലെ അതി പ്രശസ്തനായ ഒരു നമ്പൂതിരി, പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മേൽശാന്തി, പൂജാകർമ്മങ്ങളിൽ മേൽനോട്ടം വഹിക്കാനും ഉപദേശനിർദ്ദേശങ്ങൾക്കുമായി മാസത്തിൽ ഒരിക്കൽ മഹാനഗരത്തിൽ എത്തും. അന്ന് ശാന്തിക്കാർക്കും ജോലിക്കാർക്കും വിശ്രമമില്ല. എല്ലാത്തിനും എവിടെയും അദ്ദേഹത്തിന്റെ തിരുത്തലുകൾ, നിർദ്ദേശങ്ങൾ.... അതുകൊണ്ടൊക്കെയാണ്‌ ഇവിടെ ഭഗവാൻ ഇത്ര ഐശ്വര്യസമ്പൂർണ്ണമൂർത്തിയായത്‌.

അമ്പലത്തിൽ സെക്യൂരിറ്റി ഗാർഡിനെ വെക്കാൻ തീരുമാനിച്ചപ്പോൾ സ്വാഭാവികമായും തുടക്കം മുതലേ അമ്പലവുമായി ബന്ധമുള്ള നാരായണേട്ടനെത്തന്നെയാണ്‌ മോഹനൻ സാർ തെരഞ്ഞെടുത്തത്‌. കൂട്ടത്തിൽ പ്രായം ചെന്ന രാഘവൻ നായരേയും. ഇവിടെ ജോലിതുടങ്ങിയതിനു ശേഷമാണ്‌ സെക്രട്ടറി രവീന്ദ്രൻ സാറുമായി കൂടുതൽ അടുക്കുന്നത്‌. എന്തൊരു ആത്മാർഥത.അമ്പലത്തിലെ തിരക്കുവർദ്ധിച്ചപ്പോൾ അദ്ദേഹത്തിന്‌ വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ സമയമില്ലാതായി.എല്ലാം മടുത്തുവെന്നുപറഞ്ഞ്‌ എട്ടുവയസ്സുകാരനായ മകനേയും കൊണ്ട്‌ ഭാര്യ ഉഷ സഹോദരന്റെയൊപ്പം നാട്ടിലേക്കുമടങ്ങി. വാടകവീടൊഴിഞ്ഞ്‌ രവീന്ദ്രൻ സാർ അമ്പലത്തിന്റെ ഓഫീസ്‌ മുറിയിലേക്ക്‌ താമസം മാറ്റി.

നാരായണേട്ടൻ പതുക്കെപ്പതുക്കെ കരകയറുകയായിരുന്നു.മകൻ രാജീവൻ വീണ്ടും സ്കൂളിൽ പോക്കു തുടങ്ങി. അവൻ വാശിയോടെ പഠിക്കുന്നുണ്ട്‌. നാലുനിലക്കെട്ടിടത്തിന്റെ മുകളീൽ മറച്ചുകെട്ടിയുണ്ടാക്കിയ വാടക വീടിന്റെ കുടിശ്‌ശിഖയൊക്കെ തീർത്തു. മാന്യനായ ഉടമ ഒരിക്കലും വാടകക്കുവേണ്ടി ബുദ്ധിമുട്ടിച്ചിട്ടില്ല. നഗരസഭക്കാർ എന്നാണാവോ ഇതുമണത്തുപിടിക്കുന്നത്‌- അനധികൃത നിർമ്മാണം എന്നും പറഞ്ഞ്‌.മാന്യന്മാർ താമസിക്കുന്ന ഇടത്ത്‌ ഈ നഗരത്തിൽ ഇതുപോലെ ഒരു സംവിധാനം വലിയ സഹായകരമാണ്‌.

അമ്പലത്തിലെ തിരക്കുവർദ്ധിച്ചുവന്നു. വരുമാനവും.നഗരത്തിലെ ഉന്നതോദ്യഗസ്ഥരായ പലരും അമ്പലത്തിലെ സ്തിരം സന്ദർശകരായി. അവരുടെ കാറുകൾ അമ്പലത്തിനുമുമ്പിലെ റോഡിൽ പാർക്കിംഗ്‌ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അമ്പലത്തിനുമുമ്പിലെ കെട്ടിടവും സ്ഥലവും കോടികൾ കൊടുത്തുവാങ്ങി. വിശാലമായ പാർക്കിംഗ്‌, പിന്നെ ഒരു മൂലയിൽ രവീന്ദ്രൻ സാറിന്‌ താമസിക്കാൻ ഒരു വീട്‌. അദ്ദേഹത്തിന്റെ പിണങ്ങിപ്പോയ ഭാര്യയും മകനും തിരിച്ചെത്തി. ഭഗവാന്റെ ലീലാവിലാസങ്ങൾ!

ചിന്തകൾ കാടുകയറുന്നു. നാരായണട്ടൻ ഗേറ്റിനടുത്തേക്ക്‌ മാറിനിന്ന് ഒരു ബീഡി കൊളുത്തി. കഷ്ടകാലം പിടിച്ചുകുലുക്കിയ കാലത്ത്‌ ഉപേക്ഷിച്ച ശീലമായിരുന്നു. ചെയ്യുന്ന ജോലിയുടെ പ്രത്യേകതയോ സ്ഥിരവരുമാനത്തിന്റെ അഹങ്കാരമോ ചെറുപ്പത്തിലെ ശീലം പതുക്കെപ്പതുക്കെ തിരിച്ചുവന്നു.എന്തായാലും ഇതിങ്ങനെ കത്തിച്ച്‌ അഞ്ഞാഞ്ഞുവലിച്ച്‌ കുറച്ചുപുകവിടുമ്പോൾ ഒരാത്മവിശ്വാസമാണ്‌.ഇല്ല സ്വസ്ഥനാവാൻ സമയമായിട്ടില്ല. പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന മകളെയോർക്കുമ്പോൾ.... പഠിക്കാൻ അവൾ മിടുക്കിയായിരുന്നു. തന്നോട്‌ സമ്മതം ചോദിക്കുകപോലും ചെയ്യാതെയാണ്‌ അവൾ ആ ജോലിക്കുപോവാൻ തുടങ്ങിയത്‌. തടയാൻ തനിക്കാവുമായിരുന്നുമില്ല. പ്രായമേറിവരുന്നു. അവൾക്ക്‌ ഒരു വിവാഹം, മകന്‌ മാന്യമായ ഒരു ജോലി.... സ്വപ്നങ്ങൾ ഇനിയും ഒട്ടേറെയുണ്ട്‌. വാർദ്ധ്യക്യം ഇങ്ങെത്തിക്കഴിഞ്ഞു.

'തന്നോട്‌ പറഞ്ഞിട്ടില്ലേ മതിൽക്കെട്ടിനകത്ത്‌ ബീഡിവലിക്കരുതെന്ന്!' ശാന്തിക്കാരൻ. നാരായണേട്ടൻ വലിക്കാൻ മറന്ന് കൈയിലിരുന്നുകെട്ടുപോയ ബീഡിക്കുറ്റി പുറത്തേക്കെറിഞ്ഞ്‌ താക്കോലെടുത്ത്‌ ഗേറ്റുതുറന്നു. പയ്യനാണ്‌. രാജീവനേക്കാൾ മൂന്നോ നാലോ വയസ്സു കൂടും. കാടുകയറിയ ചിന്തകൾക്കിടയിൽ നേരം പോയതറിഞ്ഞില്ല. നട തുറന്നു. "ഭഗവാനേ... കാത്തുകൊള്ളണേ!" കണ്ണുകളടച്ചു. ആ ചൈതന്യത്തിൽ ലയിച്ചു. പിന്നെ സഞ്ചിയും കുടയുമെല്ലാം തയ്യാറാക്കിവച്ചു. രാഘവന്നായരിങ്ങെത്തിയാൽ ഉടനേ ഇറങ്ങണം.

മോർണ്ണിംഗ്‌ ഷിഫ്റ്റിലെ സാവിത്രിക്ക്‌ കണക്കുകൾ കൈമാറി രാജി വീട്ടിലേക്കുനടന്നു. അനിയൻ രാജീവന്‌ ഇന്നുമുതൽ പരീക്ഷയാണ്‌. പന്ത്രണ്ടാം ക്ലാസ്സിലെ പബ്ലിക്‌ പരീക്ഷ. കുളിച്ച്‌ അമ്പലത്തിൽ പോകണം.

കെട്ടിമറച്ചുണ്ടാക്കിയ വാടകവീട്ടിൽ രാജീവൻ മണ്ണെണ്ണവിളക്ക്‌ ഊതിക്കെടുത്തി.അവന്‌ ആത്മവിശ്വാസമുണ്ട്‌. എല്ലാം നന്നായി പഠിച്ചിട്ടുണ്ട്‌...

2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ബാബ ഹർഭൻ സിംഗ്‌ - മഞ്ഞുമലകളിലെ പട്ടാളക്കാരുടെ കരിങ്കുട്ടിച്ചാത്തൻ!


ഹർഭജൻ ബബയുടെ ബങ്കർ

മൈനസ്‌ 25 ഡിഗ്രി തണുപ്പത്ത്‌ എല്ലാം മരവിച്ചുമഞ്ഞുകട്ടിയാകുന്ന മലനിരകളിൽ കാവൽ നിൽക്കുന്ന പട്ടുപാതയിലെ (Silk Route) പട്ടാളക്കാരുടെ കുലദൈവം. പക്ഷിമൃഗാദികൾക്കോ സസ്യങ്ങൾക്കോ വേണ്ടെങ്കിലും "നമ്മൾ നമ്മുടേതെന്നും അവർ അവരുടേതെന്നും" പറഞ്ഞ്‌ അടികൂടുന്ന ഇൻഡ്യാ ചൈനാ അതിർത്തി. സമുദ്രനിരപ്പിൽ നിന്നും 14450 അടി ഉയരത്തിൽ, ചരിത്രപ്രസിദ്ധമായ വ്യാപാരവീഥി. നൂറ്റാണ്ടുകൾ നീണ്ടുനിന്ന പട്ടുവ്യാപാരത്തിന്റെ ഗതകാല സ്മൃതികളും പേറി മഞ്ഞിൻ പുതപ്പു പുതച്ച്‌ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരപാത. ആദ്യകാല സഞ്ചാര സാഹിത്യകാരിലൊരാളായ ഹുയാൻസാങ്ങിന്റെ കാലടികൾ പതിഞ്ഞ ചുരം.

വേലിക്കെട്ടിനിപ്പുറം മദ്രാസ്‌ റെജിമെന്റിന്റെ ധീരദേശാഭിമാനികളായ ഇൻഡ്യൻ പട്ടാളം, ത്രിവർണ്ണപ്പതാക വാനോളമുയർത്തി ജാകരൂകരായി കാവൽ നിൽക്കുന്നു. വെടിയുണ്ടകൾക്കുമുമ്പിൽ നെഞ്ചും വിരിച്ചുനിൽക്കുന്നതിനേക്കാൾ മനക്കരുത്തുവേണം ഈ തണുപ്പത്ത്‌ ഇവിടെ ഇങ്ങനെ നിൽക്കാൻ.

വേലിക്കെട്ടിനപ്പുറത്ത്‌ തിബറ്റ്‌. സെൻ ബുദ്ധമതത്തിന്റെ അതിനിഗൂഢ താന്ത്രിക രഹസ്യങ്ങൾ പരന്നുകിടക്കുന്ന മണ്ൺ.അതിനേക്കാൾ നിഗൂഢതയാർന്ന പുരാതന സംസ്കാരങ്ങളും നവീന രഹസ്യങ്ങളും ഉറങ്ങുന്ന ചൈനീസ്‌ ഉരുക്കുസാമ്രാജ്യം. കുറുക്കൻ കണ്ണുകളും മഞ്ഞപ്പല്ലുകളുമായി ചൈനീസ്‌ പട്ടാളക്കാർ - മരം കോച്ചുന്ന തണുപ്പിനേക്കാൾ അപകടകാരികൾ. അപ്രതീക്ഷിതമായ ഒരു ആക്രമണത്തിലൂടെ മലയിടിച്ചിലോ കല്ലുവീഴ്ചയോ ശീതക്കാറ്റോ സൃഷ്ടിച്ച്‌ പരീക്ഷണങ്ങൾ നടത്തുന്ന പ്രകൃതിയുടേതിനേക്കാൾ നിഗൂഢമായ യുദ്ധതന്ത്രങ്ങൾ ആവനാഴിയിലൊളിപ്പിച്ച്‌ തക്കം പാർത്തുകഴിയുന്ന അപകടകാരികൾ.

പ്രകൃതിയും അയൽക്കാരും ഒരുപോലെ ശത്രുതയിലായ ഒരിടത്തിന്റെ കാവൽക്കാർ.പതിനാലായിരത്തിലധികം അടി ഉയരത്തിൽ ശ്വാസവായു പോലും ദുർലഭം, ബന്ധുക്കളിൽ നിന്നും ആയിരക്കണക്കിനു മൈലുകൾ ദൂരെ.ഏകാന്തതയും വിഷാദരോഗങ്ങളും മറ്റുമാനസിക-ശാരീരികപ്രശ്നങ്ങളും സ്വാഭാവികം.


കാഞ്ചൻ ജംഗ

ഒരു രാത്രി ഒർ പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു ശിപായി നടരാജൻ. അതിർത്തിക്കപ്പുറത്ത്‌ ചൈനീസ്‌ പട്ടാളക്കാരുടെ അനക്കങ്ങളും നിലച്ചു. വിളക്കുകൾ അണൻഞ്ഞു. അവരും ഉറക്കമായിക്കാണണം, കൊടും തണുപ്പത്ത്‌.ശത്രുപാളയത്തിലെ നിശബ്ദത്‌ ധൈര്യമെകിയ നടരാജൻ റൈഫിൾ തറയിൽ കുത്തി കസേരയിലിരുന്നു. എങ്ങും ഒരനക്കവുമില്ല. റൈഫിളിലേക്ക്‌ പതുക്കെ തല ചായ്ച്‌ ഒന്നുമയങ്ങി.
ഠേ!
ചെകിട്ടത്ത്‌ ആരോ ആഞ്ഞൊരടി.
"ധം....കോൻ ആത്താ ഹൈ?!"ചാടിയെണീറ്റ നടരാജൻ റൈഫിൾ ചൂണ്ടി ചലഞ്ച്‌ ചെയ്തു. ആരെയും കാണുന്നില്ല. അങ്ങു ദൂരെ അതിർത്തിക്കപ്പുറത്ത്‌ ചൈനീസ്‌ ബങ്കറുകളിൽ വെളിച്ചവും അനക്കവുമുണ്ട്‌. നൈറ്റ്‌ വിഷൻ ബൈനോക്കുലർ എടുത്തു. അപ്പുറത്ത്‌ മൂന്നുനാലു ചൈനക്കാർ ബങ്കറിനുള്ളിലേക്ക്‌ ഓടിക്കയറുന്നു. സേർച്ച്‌ ലൈറ്റ്‌ ഓൺ ചെയ്തു. അടുത്തെങ്ങും ആരുമില്ല. അപ്പോൾ ചെകിട്ടത്തടിച്ചത്‌ ആരാണ്‌?

ഒച്ച കേട്ട്‌ ഡ്യൂട്ടി ഇൻ ചാർജ്ജ്‌ സുബേദാർ രാമം ഓടിവന്നു. നടരാജൻ എല്ലാം അദ്യേഹത്തോട്‌ വിശദീകരിച്ചു, വള്ളിപുള്ളി വിടാതെ.
"പേടിക്കണ്ട ബാബയാണ്‌ നിന്നെ ഉണർത്തിയത്‌. ഡ്യൂട്ടിയിലുറങ്ങിയതിനാണ്‌ അടി. അതിർത്തികളിൽ ചൈനക്കാർക്ക്‌ ഇടക്ക്‌ ഇങ്ങനെ ഒരു കുസൃതിയുണ്ട്‌. ആരുമറിയാതെ അതിർത്തിക്കിപ്പുറത്ത്‌ അവരുടെ പതാക വരച്ചിടും, മുദ്രാവാക്യങ്ങളെഴുതിയിടും. അതിനുള്ളപുറപ്പാടായിരുന്നിരിക്കും. @#$%&*കൾക്കറിയില്ലല്ലോ നമ്മുടെ ബാബയുടെ ശക്തി!." രാമംസാബ്‌ പറഞ്ഞു. "എന്തായാലും നീ നാളെത്തന്നെ ബാബയുടെ ബങ്കറിൽ ഒരു ബോട്ടിൽ വെള്ളാം വെക്കണം".




= = = = = = = = = = = = = = = =

പ്രതികൂല പരിതസ്ഥിതികളിൽ സേവനമനുഷ്ഠിക്കുന്ന പട്ടളക്കർക്ക്‌ മനക്കരുത്തേകുന്നത്‌ ഇത്തരം ചില വിശ്വാസങ്ങളാണ്‌.

പഞ്ചാബിലെ കപൂർത്തലക്കടുത്ത്‌ കുക്ക എന്ന ഗ്രാമത്തിൽ ജനിച്ച ഹർഭജൻ സിംഗ്‌ 1966ൽ സൈന്യത്തിൽ ചേർന്നു. 67-68ൽ ചൈനീസ്‌ അതിർത്തിപ്രദേശമായ തുക്ല മഞ്ഞുമലകളിൽ ഡ്യൂട്ടിയിലായിരുന്ന് അയാൾ കാലുതെറ്റിവീണുമരിച്ചു. വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. പിന്നീടൊരു രാത്രിയിൽ കൂട്ടുകാർക്ക്‌ സ്വപ്നദർശനം നൽകി ഹർഭജൻ സിംഗ്‌ തന്നെ തന്റെ മൃതദേഹം കിടക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നുവത്രെ! അന്നുമുതൽ സിപ്പ്പായി ഹർഭജൻ സിംഗ്‌ ഹർഭജൻ ബാബയായി.



ചില പ്രത്യേക ദിവസങ്ങളിൽ നാഥുലയിലെ സൈനികർ ബാബക്കുവേണ്ടി നൊയമ്പുനോൽക്കാറുണ്ട്‌.പിന്നീട്‌ ഒരമ്പലമായി മാറിയ അദ്യേഹത്തിന്റെ ബങ്കറിൽ നിറഞ്ഞിരിക്കുന്ന വെള്ളം നിറച്ച മിനറൽ വാട്ടറിന്റെ കുപ്പികൾ ആഗ്രഹപൂർത്തീകരണത്തിനായി ഭക്തർ സമർപ്പിച്ചിട്ടുപോകുന്നതാണ്‌. ആഗ്രപ്രാപ്തിക്കുശേഷം അവർ അവിടെവന്ന് അതെടുത്തുകൊണ്ടുപോകണമത്രെ! പിന്നെ പരക്കുന്ന അത്ഭുത കഥകളും. ജോലിയിൽ വീഴ്ചവരുത്തുന്നവർക്ക്‌ അടി, ദൂരെ എല്ലാ പട്ടാളക്കാരുടെയും വീടുകളിൽ സമാധാനം, എല്ലാവർക്കും ആരോഗ്യം, പട്ടാളയൂണിറ്റിന്‌ ഭാഗ്യം..... എന്തായാലും ഈ കാലാവസ്ഥയെ അതിജീവിക്കാനുള്ള ഭാഗ്യത്തിന്‌ ഒരു അമാനുഷിക ശക്തിയുടെ പിന്തുണ ആവശ്യം തന്നെ. പട്ടാളക്കാരുടെ മനസ്സറിഞ്ഞ മാനേജ്‌മന്റ്‌ തന്ത്രമോ, അന്ധവിശ്വാസമോ, ഹർഭജൻ ബാബയെ ബഹുമാനിക്കാൻ ഇൻഡ്യൻ ആർമിയും മുന്നിട്ടിറങ്ങുന്നു.

സൈന്യം ഒരിക്കലും അദ്യേഹം മരിച്ചതായി കരുതിയില്ല.ഹർഭജൻ സിങ്ങിന്‌ ജീവിച്ചിരിക്കുന്ന ഒരു സൈനികനെപ്പോലെ കരുതിയാനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും നൽകിപ്പോന്നു. അദ്യേഹത്തിന്റെ ശമ്പളം കൃത്യമായി അദ്യേഹത്തിന്റെ വീട്ടിലേക്കയച്ചു. അദ്യേഹത്തെ ലീവിനുയാത്രയാക്കുന്ന ചടങ്ങ്‌ നാഥുലയിലെ ഒരു ആഘോഷമാണ്‌.!




ന്യൂ ജൽപായ്‌ ഗുരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും ജലന്ധറിലേക്ക്‌ രണ്ടു സീറ്റ്‌ റിസർവ്ഡ്‌ ആയിരിക്കും. ബാബക്കും അദ്യേഹത്തിന്റെ ഓർഡർലിക്കും. ജലന്ധറിൽ ആർമി കോർ ഹെഡ്‌ക്വാർട്ടേർസ്സിൽ അദ്യേഹത്തെ സ്വീകരിക്കും. അവിടന്ന് സ്വന്തം നാടായ കുക്കയിലേക്ക്‌. ഈ വരവ്‌ ആ ഗ്രാമത്തിനും ഒരു ആഘോഷമാണ്‌.

1968ൽ മരിച്ചുപോയ ഹർഭജൻ സിംഗ്‌ 2008ൽ ഒരു സോൾജർക്കുകിട്ടാവുന്ന ഏറ്റവും ഉയർന്ന റാങ്കായ ഹൊണററി ക്യാപ്റ്റനായി സർവ്വീസിൽ നിന്നും വിരമിച്ചു, ഔദ്യോഗികമായിത്തന്നെ

2010 ജനുവരി 25, തിങ്കളാഴ്‌ച

അവൾ രാധ...

അവൾ രാധ...
ഉപാധികളില്ലാത്ത പ്രണയിനി.
കണ്ണനു ശേഷം വൃന്ദാവനത്തിന്റെ മൗനമൊക്കെയുംവാരി മൂടിപ്പുതച്ചിരുന്നവൾ.
അവൾ രാധ.
ഹൃദയത്തിന്റെ ആഴങ്ങളിൽ
പ്രണയത്തിന്റെ തായ്‌വേരുമുറുകി ശ്വാസം മുട്ടുമ്പോഴും
ആത്മാവിലമർത്തിപ്പിടിച്ച വേദനയുടെ സുഗന്ധം മുകർന്നുകൊണ്ടിരുന്നവൾ.
അവൾ രാധ.
ഹൃദയം പാഥേയമാക്കി പൊതിഞ്ഞുനൽകി
പ്രണയിനിയോട്‌ യാത്രപറഞ്ഞവൾ.
അവൻ നടന്നുമറഞ്ഞ ചക്രവാളത്തിലേക്ക്‌
സ്വയമലിഞ്ഞൊരു ബാഷ്പമായി, കാറ്റായി,
പിന്നെ-
പിന്നെ ശൂന്യതയായി മറഞ്ഞു പോയവൾ.
അവൾ രാധ.
ആത്മാവിന്റെ ആഴങ്ങളിൽ
ആരൊക്കെയടർത്തിയിട്ടും അടരാതെ നിന്ന
ആ തായ്‌വേരിനെ മുളപ്പിക്കാൻ
മഴയായി പെയ്തവൾ.
വീണ്ടും വീണ്ടും പെയ്തുകൊണ്ടിരിക്കുന്നവൾ.
അവൾ രാധ....

2010 ജനുവരി 18, തിങ്കളാഴ്‌ച

ഗരിമടീച്ചർ

"വിവാഹിതയാവുകയെന്നാൽ ഞനെന്നെത്തന്നെ വിൽക്കുകയാണെന്നുനീ കരുതിയോ?"ആങ്ങനെ എനിക്കൊരു സുഹൃത്തുകൂടി നഷ്ടമാവുന്നു എന്നുപറഞ്ഞപ്പോൾ ഗരിമ പറഞ്ഞതിങ്ങനെയായിരുന്നു.

ഗരിമടീച്ചർ, മഹാനഗരത്തിലെ ആത്മാർത്ഥതയുള്ള അപൂർവ്വം മുഖങ്ങളിൽ ഒന്നായിരുന്നു; പ്രേമനെപ്പ്പ്പോലെ, ഹരീഷിനെപ്പോലെ, സയ്യിദിനെപ്പോലെ....

ശ്രീറാം ഓഡിറ്റോറിയത്തിൽ "Shakespear's Ohello- a play in black and white." എന്ന നാടകം. കറുത്തവനായ ഒഥല്ലോയായി ആദിൽ ഹുസ്സൈൻ തകർത്തഭിനയിക്കുന്നു. അപ്പോൾ ഒരാളുടെ മൊബെയിൽ ശബ്ദിച്ചപ്പോൾ, അത്‌ ഒരു ശല്ല്യമായപ്പോൾ, വേദിയിൽ ഒഥല്ലോയായി ജീവിച്ചുകൊണ്ടിരുന്ന നടനും അരോചകതയോടെ നോക്കിയപ്പോൾ അയാളോടു കയർത്ത ഒരു സ്ത്രീ ശബ്ദം. അയാൾ തലകുനിച്ചിറങ്ങിപ്പോവുകയും മറ്റുള്ളവർ മൊബയിലുകൾ തിരക്കിട്ട്‌ ഓഫുചെയ്യുകയും ചെയ്യുന്നതുകണ്ടപ്പോൾ അവരെ ഒന്നുപരിചയപ്പെടണമെന്നുതോന്നി.

അവൾ ഗരിമ.
ജോലി പ്രൈമറി സ്കൂൾ ടീച്ചർ. ജോലിയിലുള്ള തന്റെ നൈപുണ്യത്തെപ്പറ്റി അവളുടെ പ്രിൻസിപ്പാളിന്റെ അഭിപ്രായം അവൾ പറയാറുണ്ട്‌: "Garima is the worst teacher around"

കാരണം അവൾ മൂന്നാം ക്ലാസ്സിലെ കുട്ടികളെ കഴുത്തിലെ കുടുക്ക്‌ - ടൈ - അഴിക്കേണ്ടതെങ്ങിനെയെന്നു പഠിപ്പിച്ചു. ഷൂസും സോക്സുമഴിച്ച്‌ നഗ്നപാദരായി ഗ്രൗണ്ടിൽ നടക്കാനനുവദിക്കലായിരുന്നു മിടുക്കുകാണിക്കുന്നവർക്കവളുടെ സമ്മാനം. നോട്ടുബുക്കിന്റെ താളുകൾ കീറിയെടുത്ത്‌ വീമാനമുണ്ടാക്കി പറത്താൻ, മഴക്കാലത്ത്‌ തോണിയുണ്ടാക്കി തളംകെട്ടിയ വെള്ളത്തിലൊഴുക്കാൻ അവളവരെ പഠിപ്പിച്ചു.

കുട്ടികളോ, പ്രിൻസിപ്പാളിന്റെ ശകാരങ്ങൾക്ക്‌ തലയുയർത്തി മറുപടിപറയാൻ ഉയർന്ന മാർക്കുകളിലൂടെ അവളെ പ്രാപ്തയാക്കുകയും ചെയ്തു. അവളവർക്ക്‌ പാട്ടുകൾ പാടിക്കൊടുത്തു

അതുപറഞ്ഞപ്പോളാണ്‌ അവളോട്‌ ഒരു പാട്ടെനിക്കുവേണ്ടി പാടാൻ ഞാൻ ആവശ്യപ്പെട്ടത്‌. അവളുടെ മുൻപിൽ ആരാധനയോടെ ഒരു മൂന്നാംക്ലാസ്സുകാരനായി ഞാനിരുന്നു.
"മാ സുനാവോ മുഝേ വോ കഹാനീ..." രാജാവും രാജ്ഞിയുമില്ലാത്ത കഥ...
വിശപ്പിനെ മറപ്പിക്കുന്ന,ഭൂമിയുടെ കാര്യം പറയുന്ന കഥ...,
അപ്സരസ്സിന്റെ മണമില്ലാത്ത, കേട്ടുകേട്ടുമടുക്കാത്ത കഥ....
"മാ സുനാവോ മുഝേ വോ കഹാനീ..."

=======================

പുതിയ സ്ഥലം. പുതിയ സുഹൃത്തുക്കൾ, പുതിയ പ്രശ്നങ്ങൾ... ആ പഴയ പ്രിയ്യപ്പെട്ട നഗരവും അവിടത്തെ അനുഭവങ്ങളും എല്ലാം തലച്ചോറിന്റെ ഒരു കോണിലേക്ക്‌ മാറി മൂടിപ്പുതച്ചിരുന്നു. എങ്കിലും മറ്റെല്ലാം മറക്കുന്ന ചില അപൂർവം അവസരങ്ങളിൽ അവ മനസ്സിന്റെ മുറ്റത്തുലാത്തി.

പെട്ടെന്നൊരുപാടുകാലം കടന്നുപോയി. സാങ്കേതിക വിദ്യ സ്ഥലങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും ഉള്ള ദൂരങ്ങൾ വെട്ടിച്ചുരുക്കി. പഴയ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന ഒരാളുമായി അറ്റുപോയിരുന്ന ബന്ധം പുനസ്ഥാപിക്കപ്പെട്ടു. പല കാര്യങ്ങളും പറഞ്ഞതിനിടക്ക്‌ ഗരിമട്ടീച്ചറുടെ വിവാഹവും..."ഇത്രയും ആർഭാടം നിറഞ്ഞ ഒരു വിവാഹം! പഞ്ചനക്ഷത്ര ഹോട്ടലിലെ സൽക്കാരം, വിദേശ കാറുകൾ, പൊങ്ങച്ചക്കാരായ അതിഥികൾ..."

ഇതൊക്കെ അവൾ എങ്ങിനെ സഹിച്ചിട്ടുണ്ടാവും? ഇതൊന്നുമല്ലല്ലോ അവളുടെ രീതികൾ

പതുക്കെ ആ വിചാരങ്ങളും മനസ്സിൽ നിന്നും അപ്രത്യക്ഷമായി- അന്നുയാത്രപറയുമ്പോൾ അവൾ തന്ന പെൻ സ്റ്റാന്റിലെ 'സ്നേഹപൂർവം ഗരിമ' എന്ന വടിവൊത്ത എഴുത്തുകാണുമ്പോൾ ഇടക്കിടക്ക്‌ ഓർക്കും. അത്രമാത്രം.

കുറച്ചുനാളുകൾക്കു ശെഷം സുഹൃത്തിന്റെ ഫോൺ വന്നു. അന്വേഷിച്ചപ്പോൾ പറഞ്ഞു, ടീച്ചെറെക്കുറിച്ച്‌ ഒരു വിവരവുമില്ല. മൊബൈൽ നമ്പർ ഉണ്ടായിരുന്നത്‌ കട്ടുചെയ്തിരിക്കുന്നു. വീട്ടിൽ വിളിച്ചപ്പോൾ ടീച്ചറുടെ അമ്മ പറഞ്ഞു: "നിങ്ങൾ വിളിക്കുന്നതൊന്നും സിദ്ധാർത്ഥിൻ ഇഷ്ടമല്ല. ഞങ്ങളോടുപോലും അധികനെരം സംസാരിക്കൻ അവൾക്ക്‌ അനുവാദമില്ല. അയാൾ വളരെ possessive ആണ്‌. ബേച്ചാരി മേരി ബേട്ടി..." ആ അമ്മ വിതുമ്പിപ്പോയിയത്രെ.

'സ്നേഹപൂർവം ഗരിമ."
ആ സ്നേഹം ഞങ്ങൾ സുഹൃത്തുക്കൾക്കൊന്നും നിന്നോടുണ്ടായിരുന്നില്ലേ?
നിന്റെ അമ്മയോടൊപ്പം ഞങ്ങളാരും നിനക്കുവേണ്ടി ഒന്നുവിതുമ്പിയില്ല. നൂറായിരം വാർത്തകളിൽ ഒന്നുമാത്രമായി അതും മൂടിപ്പുതച്ച്‌ മനസ്സിന്റെ ഇരുളിലേക്കെവിടെയ്ക്കോ ഇറങ്ങിപ്പോയി.

മാസങ്ങൾക്കു ശേഷം ദില്ലിയിൽ നിന്നും ഒരു ഫോൺകോൾ. ഹല്ലോ, ഓർമ്മയുണ്ടോ? ഞാനാണ്‌, ഗരിമ!"
ഓർമ്മയുടെ ഇരുളറകളിൽനിന്നും ആ ഓർമ്മകൾ ഞെട്ടിപ്പിടഞ്ഞെണീറ്റുവെളിയിൽ വന്നു. അവരുടെയെടയിലേക്ക്‌ മറ്റൊരു വാർത്ത അടിവെച്ചു നടന്നുകയറി: "ഞാനും സിദ്ഥാർധും പിരിഞ്ഞു." അവളുടെ ശബ്ദത്തിൽ സന്തോഷം മുറ്റിനിന്നു. "ഇപ്പോൾ ഇവിടെ ഒരു സ്കൂളിൽ പഠിപ്പിക്കുന്നു"."ഭാഗ്യം ചെയ്ത കുട്ടികൾ", ഞാൻ പറഞ്ഞു. "ഇനി അവർക്ക്‌ പാട്ടുകൾ കേൾക്കാം, നഗ്നപാദരായി മുറ്റത്തൊക്കെ ഓടിനടക്കാം; ടീച്ചർ, ആശംസകൾ."