ഇടിമുഴക്കങ്ങൾക്ക്‌ ബധിരനും മിന്നലുകൾക്ക്‌ അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...

2010, ജനുവരി 18, തിങ്കളാഴ്ച

ഗരിമടീച്ചർ

"വിവാഹിതയാവുകയെന്നാൽ ഞനെന്നെത്തന്നെ വിൽക്കുകയാണെന്നുനീ കരുതിയോ?"ആങ്ങനെ എനിക്കൊരു സുഹൃത്തുകൂടി നഷ്ടമാവുന്നു എന്നുപറഞ്ഞപ്പോൾ ഗരിമ പറഞ്ഞതിങ്ങനെയായിരുന്നു.

ഗരിമടീച്ചർ, മഹാനഗരത്തിലെ ആത്മാർത്ഥതയുള്ള അപൂർവ്വം മുഖങ്ങളിൽ ഒന്നായിരുന്നു; പ്രേമനെപ്പ്പ്പോലെ, ഹരീഷിനെപ്പോലെ, സയ്യിദിനെപ്പോലെ....

ശ്രീറാം ഓഡിറ്റോറിയത്തിൽ "Shakespear's Ohello- a play in black and white." എന്ന നാടകം. കറുത്തവനായ ഒഥല്ലോയായി ആദിൽ ഹുസ്സൈൻ തകർത്തഭിനയിക്കുന്നു. അപ്പോൾ ഒരാളുടെ മൊബെയിൽ ശബ്ദിച്ചപ്പോൾ, അത്‌ ഒരു ശല്ല്യമായപ്പോൾ, വേദിയിൽ ഒഥല്ലോയായി ജീവിച്ചുകൊണ്ടിരുന്ന നടനും അരോചകതയോടെ നോക്കിയപ്പോൾ അയാളോടു കയർത്ത ഒരു സ്ത്രീ ശബ്ദം. അയാൾ തലകുനിച്ചിറങ്ങിപ്പോവുകയും മറ്റുള്ളവർ മൊബയിലുകൾ തിരക്കിട്ട്‌ ഓഫുചെയ്യുകയും ചെയ്യുന്നതുകണ്ടപ്പോൾ അവരെ ഒന്നുപരിചയപ്പെടണമെന്നുതോന്നി.

അവൾ ഗരിമ.
ജോലി പ്രൈമറി സ്കൂൾ ടീച്ചർ. ജോലിയിലുള്ള തന്റെ നൈപുണ്യത്തെപ്പറ്റി അവളുടെ പ്രിൻസിപ്പാളിന്റെ അഭിപ്രായം അവൾ പറയാറുണ്ട്‌: "Garima is the worst teacher around"

കാരണം അവൾ മൂന്നാം ക്ലാസ്സിലെ കുട്ടികളെ കഴുത്തിലെ കുടുക്ക്‌ - ടൈ - അഴിക്കേണ്ടതെങ്ങിനെയെന്നു പഠിപ്പിച്ചു. ഷൂസും സോക്സുമഴിച്ച്‌ നഗ്നപാദരായി ഗ്രൗണ്ടിൽ നടക്കാനനുവദിക്കലായിരുന്നു മിടുക്കുകാണിക്കുന്നവർക്കവളുടെ സമ്മാനം. നോട്ടുബുക്കിന്റെ താളുകൾ കീറിയെടുത്ത്‌ വീമാനമുണ്ടാക്കി പറത്താൻ, മഴക്കാലത്ത്‌ തോണിയുണ്ടാക്കി തളംകെട്ടിയ വെള്ളത്തിലൊഴുക്കാൻ അവളവരെ പഠിപ്പിച്ചു.

കുട്ടികളോ, പ്രിൻസിപ്പാളിന്റെ ശകാരങ്ങൾക്ക്‌ തലയുയർത്തി മറുപടിപറയാൻ ഉയർന്ന മാർക്കുകളിലൂടെ അവളെ പ്രാപ്തയാക്കുകയും ചെയ്തു. അവളവർക്ക്‌ പാട്ടുകൾ പാടിക്കൊടുത്തു

അതുപറഞ്ഞപ്പോളാണ്‌ അവളോട്‌ ഒരു പാട്ടെനിക്കുവേണ്ടി പാടാൻ ഞാൻ ആവശ്യപ്പെട്ടത്‌. അവളുടെ മുൻപിൽ ആരാധനയോടെ ഒരു മൂന്നാംക്ലാസ്സുകാരനായി ഞാനിരുന്നു.
"മാ സുനാവോ മുഝേ വോ കഹാനീ..." രാജാവും രാജ്ഞിയുമില്ലാത്ത കഥ...
വിശപ്പിനെ മറപ്പിക്കുന്ന,ഭൂമിയുടെ കാര്യം പറയുന്ന കഥ...,
അപ്സരസ്സിന്റെ മണമില്ലാത്ത, കേട്ടുകേട്ടുമടുക്കാത്ത കഥ....
"മാ സുനാവോ മുഝേ വോ കഹാനീ..."

=======================

പുതിയ സ്ഥലം. പുതിയ സുഹൃത്തുക്കൾ, പുതിയ പ്രശ്നങ്ങൾ... ആ പഴയ പ്രിയ്യപ്പെട്ട നഗരവും അവിടത്തെ അനുഭവങ്ങളും എല്ലാം തലച്ചോറിന്റെ ഒരു കോണിലേക്ക്‌ മാറി മൂടിപ്പുതച്ചിരുന്നു. എങ്കിലും മറ്റെല്ലാം മറക്കുന്ന ചില അപൂർവം അവസരങ്ങളിൽ അവ മനസ്സിന്റെ മുറ്റത്തുലാത്തി.

പെട്ടെന്നൊരുപാടുകാലം കടന്നുപോയി. സാങ്കേതിക വിദ്യ സ്ഥലങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും ഉള്ള ദൂരങ്ങൾ വെട്ടിച്ചുരുക്കി. പഴയ സുഹൃദ്‌വലയത്തിലുണ്ടായിരുന്ന ഒരാളുമായി അറ്റുപോയിരുന്ന ബന്ധം പുനസ്ഥാപിക്കപ്പെട്ടു. പല കാര്യങ്ങളും പറഞ്ഞതിനിടക്ക്‌ ഗരിമട്ടീച്ചറുടെ വിവാഹവും..."ഇത്രയും ആർഭാടം നിറഞ്ഞ ഒരു വിവാഹം! പഞ്ചനക്ഷത്ര ഹോട്ടലിലെ സൽക്കാരം, വിദേശ കാറുകൾ, പൊങ്ങച്ചക്കാരായ അതിഥികൾ..."

ഇതൊക്കെ അവൾ എങ്ങിനെ സഹിച്ചിട്ടുണ്ടാവും? ഇതൊന്നുമല്ലല്ലോ അവളുടെ രീതികൾ

പതുക്കെ ആ വിചാരങ്ങളും മനസ്സിൽ നിന്നും അപ്രത്യക്ഷമായി- അന്നുയാത്രപറയുമ്പോൾ അവൾ തന്ന പെൻ സ്റ്റാന്റിലെ 'സ്നേഹപൂർവം ഗരിമ' എന്ന വടിവൊത്ത എഴുത്തുകാണുമ്പോൾ ഇടക്കിടക്ക്‌ ഓർക്കും. അത്രമാത്രം.

കുറച്ചുനാളുകൾക്കു ശെഷം സുഹൃത്തിന്റെ ഫോൺ വന്നു. അന്വേഷിച്ചപ്പോൾ പറഞ്ഞു, ടീച്ചെറെക്കുറിച്ച്‌ ഒരു വിവരവുമില്ല. മൊബൈൽ നമ്പർ ഉണ്ടായിരുന്നത്‌ കട്ടുചെയ്തിരിക്കുന്നു. വീട്ടിൽ വിളിച്ചപ്പോൾ ടീച്ചറുടെ അമ്മ പറഞ്ഞു: "നിങ്ങൾ വിളിക്കുന്നതൊന്നും സിദ്ധാർത്ഥിൻ ഇഷ്ടമല്ല. ഞങ്ങളോടുപോലും അധികനെരം സംസാരിക്കൻ അവൾക്ക്‌ അനുവാദമില്ല. അയാൾ വളരെ possessive ആണ്‌. ബേച്ചാരി മേരി ബേട്ടി..." ആ അമ്മ വിതുമ്പിപ്പോയിയത്രെ.

'സ്നേഹപൂർവം ഗരിമ."
ആ സ്നേഹം ഞങ്ങൾ സുഹൃത്തുക്കൾക്കൊന്നും നിന്നോടുണ്ടായിരുന്നില്ലേ?
നിന്റെ അമ്മയോടൊപ്പം ഞങ്ങളാരും നിനക്കുവേണ്ടി ഒന്നുവിതുമ്പിയില്ല. നൂറായിരം വാർത്തകളിൽ ഒന്നുമാത്രമായി അതും മൂടിപ്പുതച്ച്‌ മനസ്സിന്റെ ഇരുളിലേക്കെവിടെയ്ക്കോ ഇറങ്ങിപ്പോയി.

മാസങ്ങൾക്കു ശേഷം ദില്ലിയിൽ നിന്നും ഒരു ഫോൺകോൾ. ഹല്ലോ, ഓർമ്മയുണ്ടോ? ഞാനാണ്‌, ഗരിമ!"
ഓർമ്മയുടെ ഇരുളറകളിൽനിന്നും ആ ഓർമ്മകൾ ഞെട്ടിപ്പിടഞ്ഞെണീറ്റുവെളിയിൽ വന്നു. അവരുടെയെടയിലേക്ക്‌ മറ്റൊരു വാർത്ത അടിവെച്ചു നടന്നുകയറി: "ഞാനും സിദ്ഥാർധും പിരിഞ്ഞു." അവളുടെ ശബ്ദത്തിൽ സന്തോഷം മുറ്റിനിന്നു. "ഇപ്പോൾ ഇവിടെ ഒരു സ്കൂളിൽ പഠിപ്പിക്കുന്നു"."ഭാഗ്യം ചെയ്ത കുട്ടികൾ", ഞാൻ പറഞ്ഞു. "ഇനി അവർക്ക്‌ പാട്ടുകൾ കേൾക്കാം, നഗ്നപാദരായി മുറ്റത്തൊക്കെ ഓടിനടക്കാം; ടീച്ചർ, ആശംസകൾ."

4 അഭിപ്രായ(ങ്ങള്‍):

  1. ഇപ്പോൾ ഇവിടെ ഒരു സ്കൂളിൽ പഠിപ്പിക്കുന്നു"."ഭാഗ്യം ചെയ്ത കുട്ടികൾ", ഞാൻ പറഞ്ഞു. "ഇനി അവർക്ക്‌ പാട്ടുകൾ കേൾക്കാം, നഗ്നപാദരായി മുറ്റത്തൊക്കെ ഓടിനടക്കാം; ടീച്ചർ, ആശംസകൾ."

    BandhanangngaL aakunna bandhangngaL ozhivaakkuka thanneyaane nallathe.

    kathha ishTamaayi.
    :-)
    Upasana

    മറുപടിഇല്ലാതാക്കൂ
  2. No problem in font here (font problem depends on PC, not on post) If you wrote it in "anjalioldlipi" everything is fine
    :-)

    മറുപടിഇല്ലാതാക്കൂ
  3. ചിലരങ്ങനെയാണ്. അവരുടെ പ്രൊഫഷനില്‍ വന്‍വിജയമായിരിയ്ക്കും. പക്ഷേ, സ്വകാര്യ ജീവിതത്തില്‍ നേരെ തിരിച്ചും.

    മറുപടിഇല്ലാതാക്കൂ