പ്രകൃതി
അഛൻ ഒരു ,മലയാണ്ആശയങ്ങളും ശാസനകളും ഉള്ളിലൊതുക്കി
സംരക്ഷണത്തിന്റെ കരങ്ങൾ വിടർത്തി നിൽക്കുന്ന ഒരു മല.
അമ്മ നദിയാണ്. സ്നേഹമാണ്. കുളിരും ശുദ്ധിയും നിറഞ്ഞൊഴുകുന്ന വാത്സല്യമാണ്.
വറുതിയുടെ വേനലിൽ വറ്റാത്ത, മാരിയായ് പെയ്യുന്ന ദുഃഖത്തിലും ക്ഷോഭമായ് കരകവിയാതെ തെളിഞ്ഞ്, നിറഞ്ഞ് ശാന്തയായൊഴുകുന്ന നദി.
ചേച്ചി പാതയാണ് അലറുന്ന വാഹനങ്ങളില്ലാത്ത ഇരുവശവും പുല്ലും മരങ്ങളും നിറഞ്ഞ ഒറ്റയടിപ്പാത, ഇടവഴികളില്ലാതെ നേരെ നീണ്ടുനീണ്ടു പോകുന്ന പാത, തണൽ നിറഞ്ഞ ഒറ്റയടിപ്പാത.
ജ്യേഷ്ഠൻ സൂര്യനാണ്. ഊഷ്മളമായ സ്നേഹവും വ്യക്തമായ വെളിച്ചവുമായി മുകളിലെപ്പോഴും നിൽക്കുന്ന പ്രഭാത സൂര്യൻ, എല്ലാം കാണുന്ന എല്ലാം അറിയുന്ന പ്രഭാതസൂര്യൻ.
അവൾ മഴയാണ്, കാമുകിയാണ്. ഇളവെയിലിൽ പെയ്യുന്ന പുതുമഴ, സ്നേഹത്തിന്റെ ഊഷ്മാവുയരുമ്പോൾ ദുഃഖത്തിന്റെ തണുപ്പുമായെത്തുന്നു, അപ്പോൾ ഞാൻ നനയുന്നു, പ്രഭാതത്തിന്റെ ഇളവെയിലും മലയും പാതയും നനയുന്നു, നദി നനയുന്നു, ഞാൻ നനയുന്നു, കുളിർ നിറയുന്നു.