നഗരം വളരുകയാണ്. നഗരത്തോടൊപ്പം അമ്പലവും. എങ്ങനെ വളരാതിരിക്കും? പരമ്പൊരുളായ ഭഗവാനല്ലേ അകത്തിരിക്കുന്നത്? നാരായാണേട്ടൻ ഓർത്തു. പണ്ട് ഒരു കൊച്ചുമുറിയും ഒരു ഫോട്ടോയുമായി തുടങ്ങിയതാണ്. ഗവന്മെന്റുദ്യോഗത്തിൽ നിന്നും വിരമിച്ച ഒരു പട്ടരാണ് തുടങ്ങിയത്. നഗരത്തിലെ കണ്ണായ സ്ഥലത്ത് അദ്യേഹം വാങ്ങിയതാണ് ആ മുറി. ഉദ്യോഗത്തിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ തുക മുഴുവൻ അദ്യേഹം അമ്പലത്തിനുവേണ്ടി ചിലവഴിച്ചു. അവിവാഹിതനായിരുന്ന അദ്യേഹത്തിന് ബന്ധുക്കളോ അനന്തരാവകശികളോ ഉണ്ടായിരുന്നില്ല. അന്നൊക്കെ ക്ഷേത്രത്തിൽ തിരക്കും കുറവായിരുന്നു.പട്ടർ വൈകുന്നേരങ്ങളിൽ തന്റെ ഹാർമ്മോണിയവുമെടുത്തുവെച്ച് കീർത്തനങ്ങളാലപിക്കും. പൂജാകർമ്മങ്ങൾ വിധിപ്രകാരം നടത്തും. ഞായറാഴ്ച വൈകുന്നേരങ്ങളിൽ തന്റെ പെട്ടിക്കടക്ക് അവധി പ്രഖ്യാപിച്ച് നാരായണേട്ടനും അമ്പലത്തിലെ ഒരു സ്ഥിരം സന്ദർശകനായി. മിക്കവാറും നാരായണേട്ടനും പട്ടരും മാത്രമായിരുന്നു അന്നൊക്കെ അമ്പലത്തിലെ സന്ദർശകർ.
നഗരത്തിന്റെ വളർച്ചയിൽ നാരായണേട്ടന്റെ പെട്ടിക്കട റോഡുവികസനത്തിന്റെ ഭാഗമായി തകർക്കപ്പെട്ടു. പത്തിരുപത്തിയഞ്ചുകൊല്ലമായി അദ്യേഹത്തിന്റെ ഉപജീവനമാർഗ്ഗമായിരുന്നു അത്. പുറമ്പോക്കിലായിരുന്നതിനാൽ നഷ്ടപരിഹാരം പോലും കിട്ടിയില്ല.ജീവിതം വഴിമുട്ടിയെന്നുറപ്പിച്ച സമയം. അമ്പലം മാത്രമായിരുന്നു ഒരാശ്രയം. മകന്റെയും മകളുടെയും പഠിത്തം പോലും വഴിമുട്ടി. മാനസികമായി ആകെത്തകർന്ന ആ സമയത്ത് ഭഗവാനല്ലാതെ ആരാണ് ഒരാശ്രയം?
നാരായണേട്ടന്റെ ആ അവസ്ഥയറിഞ്ഞ പട്ടർ ജീവിതത്തിലാദ്യമായി ഒരു ശുപാർശ നടത്തി. അങ്ങനെ നഗരത്തിൽ പച്ച പിടിച്ചു വരുന്ന ഒരു പുത്തൻ വ്യവസായി മോഹനൻ നായർ തുടങ്ങിയ സെക്യുരിറ്റി ഏജൻസിയിൽ ജോലി കിട്ടി. രാത്രി മുഴുവൻ ഉറക്കമില്ലാത്ത ജോലി. പൊരുത്തപ്പെടാൻ കുറച്ചുസമയമെടുത്തു. ശമ്പളം കുറവാണ്. മകൾ രാജി വീടിനടുത്ത പെട്രോൾ പമ്പിൽ ജോലിയൊപ്പിച്കു. പഠിക്കാൻ അവൾ മിടുക്കിയായിരുന്നു. ഒരുവിഷയത്തിൽ പോലും അന്നുവരെ അവൾ തോറ്റിട്ടില്ല. അതൊക്കെ ഓർക്കുമ്പോൾ നാരായണേട്ടന് നെഞ്ചിൽ ഒരു കിരുകിരുപ്പ്.
ഭാര്യ സരസ്വതിക്കായിരുന്നു മക്കൾ വലിയവരായി കാണാൻ വലിയ ആഗ്രഹം. പഴയ നല്ലനാളുകളിൽ എന്തൊക്കെ സ്വപ്നങ്ങളാണ് അവൾ നെയ്തുകൂട്ടിയിരുന്നത്! പാവം, എന്തായാലും ഈ അവസ്ഥ കാണാൻ കാത്തുനിന്നില്ല. ഈ രാത്രി ആകാശത്ത് എവിടെയെങ്കിലും ഇരുന്ന് അവൾ ഇതൊക്കെ കണ്ട് നെടുവീർപ്പുടുന്നുണ്ടായിരിക്കുമോ? "ക്ഷമിക്കൂ സരസൂ എനിക്കതിനൊന്നുമായില്ല." നാരായണേട്ടൻ നെടുവീർപ്പിട്ടു.
നഗരം വളർന്നപ്പോൾ, റിയൽ എസ്റ്റേറ്റ് മാർക്കെറ്റ് പൂത്തുലഞ്ഞപ്പോൾ, കോടികൾ വിലമതിച്ച ആ സ്ഥാലത്തിന് നല്ല വിലപറഞ്ഞ് പലരും എത്തി. തന്റെ ഭഗവാനെ കൈവിടാൻ മടിച്ച പട്ടർ ചികിത്സിക്കാൻ പണമില്ലാതെയാണ് ഭഗവാന്റെ നടക്കൽ വീണുമരിച്ചത്.
അദ്ദേഹത്തിന്റെ അവസാനകാലത്ത് ശിങ്കിടിയായി കൂടെ കൂടിയതാണ് രവീന്ദ്രൻ. പട്ടളത്തിൽ നിന്ന് എന്തോ കാര്യത്തിന് അയാളെ പുറത്താക്കുകയായിരുന്നുവത്രേ. അരോ ചതിച്ചതാണെന്നല്ലാതെ കാര്യമെന്താണെന്നൊന്നും ആർക്കും അറിയില്ല. പട്ടർക്ക് അയാളെ വലിയ കാര്യമായിരുന്നു. പൂജാ കർമ്മങ്ങളും മന്ത്രവിധികളും പാഞ്ഞുകൊടുത്ത് രവീന്ദ്രനെ അമ്പലത്തിന്റെ പിന്തുടർച്ചാവകശിയാക്കി. ബ്രഹ്മമറിഞ്ഞവൻ ബ്രാഹ്മണൻ. കർമ്മമാണ് ബ്രാഹ്മണനെ ബ്രാഹ്മണനാക്കിമാറ്റുന്നത്.
രവീന്ദ്രൻ ഏറ്റടുത്തതിനുശേഷം അമ്പലത്തിന്റെ ഐശ്വര്യം പതിന്മടങ്ങുവർദ്ധിച്ചു. സംഭാവനകൾ കുമിഞ്ഞുകൂടിയപ്പോൾ പഴയ ഒറ്റമുറി ഓഫീസ് മുറിയായി. പുതിയ ഗർഭഗൃഹവും ചുറ്റുമതിലും തിടപ്പള്ളിയും തയ്യാറായി. കേരളത്തിൽ നിന്നും അതിപ്രശസ്തമായ മനയ്ക്കലെ അതി പ്രശസ്തനായ ഒരു നമ്പൂതിരി, പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മേൽശാന്തി, പൂജാകർമ്മങ്ങളിൽ മേൽനോട്ടം വഹിക്കാനും ഉപദേശനിർദ്ദേശങ്ങൾക്കുമായി മാസത്തിൽ ഒരിക്കൽ മഹാനഗരത്തിൽ എത്തും. അന്ന് ശാന്തിക്കാർക്കും ജോലിക്കാർക്കും വിശ്രമമില്ല. എല്ലാത്തിനും എവിടെയും അദ്ദേഹത്തിന്റെ തിരുത്തലുകൾ, നിർദ്ദേശങ്ങൾ.... അതുകൊണ്ടൊക്കെയാണ് ഇവിടെ ഭഗവാൻ ഇത്ര ഐശ്വര്യസമ്പൂർണ്ണമൂർത്തിയായത്.
അമ്പലത്തിൽ സെക്യൂരിറ്റി ഗാർഡിനെ വെക്കാൻ തീരുമാനിച്ചപ്പോൾ സ്വാഭാവികമായും തുടക്കം മുതലേ അമ്പലവുമായി ബന്ധമുള്ള നാരായണേട്ടനെത്തന്നെയാണ് മോഹനൻ സാർ തെരഞ്ഞെടുത്തത്. കൂട്ടത്തിൽ പ്രായം ചെന്ന രാഘവൻ നായരേയും. ഇവിടെ ജോലിതുടങ്ങിയതിനു ശേഷമാണ് സെക്രട്ടറി രവീന്ദ്രൻ സാറുമായി കൂടുതൽ അടുക്കുന്നത്. എന്തൊരു ആത്മാർഥത.അമ്പലത്തിലെ തിരക്കുവർദ്ധിച്ചപ്പോൾ അദ്ദേഹത്തിന് വീട്ടുകാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ സമയമില്ലാതായി.എല്ലാം മടുത്തുവെന്നുപറഞ്ഞ് എട്ടുവയസ്സുകാരനായ മകനേയും കൊണ്ട് ഭാര്യ ഉഷ സഹോദരന്റെയൊപ്പം നാട്ടിലേക്കുമടങ്ങി. വാടകവീടൊഴിഞ്ഞ് രവീന്ദ്രൻ സാർ അമ്പലത്തിന്റെ ഓഫീസ് മുറിയിലേക്ക് താമസം മാറ്റി.
നാരായണേട്ടൻ പതുക്കെപ്പതുക്കെ കരകയറുകയായിരുന്നു.മകൻ രാജീവൻ വീണ്ടും സ്കൂളിൽ പോക്കു തുടങ്ങി. അവൻ വാശിയോടെ പഠിക്കുന്നുണ്ട്. നാലുനിലക്കെട്ടിടത്തിന്റെ മുകളീൽ മറച്ചുകെട്ടിയുണ്ടാക്കിയ വാടക വീടിന്റെ കുടിശ്ശിഖയൊക്കെ തീർത്തു. മാന്യനായ ഉടമ ഒരിക്കലും വാടകക്കുവേണ്ടി ബുദ്ധിമുട്ടിച്ചിട്ടില്ല. നഗരസഭക്കാർ എന്നാണാവോ ഇതുമണത്തുപിടിക്കുന്നത്- അനധികൃത നിർമ്മാണം എന്നും പറഞ്ഞ്.മാന്യന്മാർ താമസിക്കുന്ന ഇടത്ത് ഈ നഗരത്തിൽ ഇതുപോലെ ഒരു സംവിധാനം വലിയ സഹായകരമാണ്.
അമ്പലത്തിലെ തിരക്കുവർദ്ധിച്ചുവന്നു. വരുമാനവും.നഗരത്തിലെ ഉന്നതോദ്യഗസ്ഥരായ പലരും അമ്പലത്തിലെ സ്തിരം സന്ദർശകരായി. അവരുടെ കാറുകൾ അമ്പലത്തിനുമുമ്പിലെ റോഡിൽ പാർക്കിംഗ് പ്രശ്നങ്ങൾ സൃഷ്ടിച്ചു. അമ്പലത്തിനുമുമ്പിലെ കെട്ടിടവും സ്ഥലവും കോടികൾ കൊടുത്തുവാങ്ങി. വിശാലമായ പാർക്കിംഗ്, പിന്നെ ഒരു മൂലയിൽ രവീന്ദ്രൻ സാറിന് താമസിക്കാൻ ഒരു വീട്. അദ്ദേഹത്തിന്റെ പിണങ്ങിപ്പോയ ഭാര്യയും മകനും തിരിച്ചെത്തി. ഭഗവാന്റെ ലീലാവിലാസങ്ങൾ!
ചിന്തകൾ കാടുകയറുന്നു. നാരായണട്ടൻ ഗേറ്റിനടുത്തേക്ക് മാറിനിന്ന് ഒരു ബീഡി കൊളുത്തി. കഷ്ടകാലം പിടിച്ചുകുലുക്കിയ കാലത്ത് ഉപേക്ഷിച്ച ശീലമായിരുന്നു. ചെയ്യുന്ന ജോലിയുടെ പ്രത്യേകതയോ സ്ഥിരവരുമാനത്തിന്റെ അഹങ്കാരമോ ചെറുപ്പത്തിലെ ശീലം പതുക്കെപ്പതുക്കെ തിരിച്ചുവന്നു.എന്തായാലും ഇതിങ്ങനെ കത്തിച്ച് അഞ്ഞാഞ്ഞുവലിച്ച് കുറച്ചുപുകവിടുമ്പോൾ ഒരാത്മവിശ്വാസമാണ്.ഇല്ല സ്വസ്ഥനാവാൻ സമയമായിട്ടില്ല. പെട്രോൾ പമ്പിൽ ജോലിചെയ്യുന്ന മകളെയോർക്കുമ്പോൾ.... പഠിക്കാൻ അവൾ മിടുക്കിയായിരുന്നു. തന്നോട് സമ്മതം ചോദിക്കുകപോലും ചെയ്യാതെയാണ് അവൾ ആ ജോലിക്കുപോവാൻ തുടങ്ങിയത്. തടയാൻ തനിക്കാവുമായിരുന്നുമില്ല. പ്രായമേറിവരുന്നു. അവൾക്ക് ഒരു വിവാഹം, മകന് മാന്യമായ ഒരു ജോലി.... സ്വപ്നങ്ങൾ ഇനിയും ഒട്ടേറെയുണ്ട്. വാർദ്ധ്യക്യം ഇങ്ങെത്തിക്കഴിഞ്ഞു.
'തന്നോട് പറഞ്ഞിട്ടില്ലേ മതിൽക്കെട്ടിനകത്ത് ബീഡിവലിക്കരുതെന്ന്!' ശാന്തിക്കാരൻ. നാരായണേട്ടൻ വലിക്കാൻ മറന്ന് കൈയിലിരുന്നുകെട്ടുപോയ ബീഡിക്കുറ്റി പുറത്തേക്കെറിഞ്ഞ് താക്കോലെടുത്ത് ഗേറ്റുതുറന്നു. പയ്യനാണ്. രാജീവനേക്കാൾ മൂന്നോ നാലോ വയസ്സു കൂടും. കാടുകയറിയ ചിന്തകൾക്കിടയിൽ നേരം പോയതറിഞ്ഞില്ല. നട തുറന്നു. "ഭഗവാനേ... കാത്തുകൊള്ളണേ!" കണ്ണുകളടച്ചു. ആ ചൈതന്യത്തിൽ ലയിച്ചു. പിന്നെ സഞ്ചിയും കുടയുമെല്ലാം തയ്യാറാക്കിവച്ചു. രാഘവന്നായരിങ്ങെത്തിയാൽ ഉടനേ ഇറങ്ങണം.
മോർണ്ണിംഗ് ഷിഫ്റ്റിലെ സാവിത്രിക്ക് കണക്കുകൾ കൈമാറി രാജി വീട്ടിലേക്കുനടന്നു. അനിയൻ രാജീവന് ഇന്നുമുതൽ പരീക്ഷയാണ്. പന്ത്രണ്ടാം ക്ലാസ്സിലെ പബ്ലിക് പരീക്ഷ. കുളിച്ച് അമ്പലത്തിൽ പോകണം.
കെട്ടിമറച്ചുണ്ടാക്കിയ വാടകവീട്ടിൽ രാജീവൻ മണ്ണെണ്ണവിളക്ക് ഊതിക്കെടുത്തി.അവന് ആത്മവിശ്വാസമുണ്ട്. എല്ലാം നന്നായി പഠിച്ചിട്ടുണ്ട്...
"ഭാര്യ സരസ്വതിക്കായിരുന്നു മക്കൾ വലിയവരായി കാണാൻ വലിയ ആഗ്രഹം. പഴയ നല്ലനാളുകളിൽ എന്തൊക്കെ സ്വപ്നങ്ങളാണ് അവൾ നെയ്തുകൂട്ടിയിരുന്നത്! പാവം, എന്തായാലും ഈ അവസ്ഥ കാണാൻ കാത്തുനിന്നില്ല. ഈ രാത്രി ആകാശത്ത് എവിടെയെങ്കിലും ഇരുന്ന് അവൾ ഇതൊക്കെ കണ്ട് നെടുവീർപ്പുടുന്നുണ്ടായിരിക്കുമോ? "
മറുപടിഇല്ലാതാക്കൂമനുഷ്യന്റെ സ്വപ്നങ്ങൾ... അമ്മയുടെ, അഛന്റെ, സഹോദരിയുടെ....എത്രയെത്ര സ്വപ്നങ്ങൾ... സ്വപ്നങ്ങൾക്കും മരണാന്തര ജീവിതമിണ്ടാഗ്\വുമോ. എങ്കിൽ ഭൂമി ഗതികിട്ടാപ്രേതങ്ങളെക്കൊണ്ട് എന്നേ നിറഞ്ഞിട്ടുണ്ടായിരുന്നേനെ!
ഗ്രാമങ്ങള് നഗരങ്ങളായിക്കൊണ്ടിരിയ്ക്കുന്നു. ഗ്രാമീണരും മാറിക്കൊണ്ടിരിയ്ക്കുന്നു. ഗ്രാമത്തിന്റെ ശാലീനത മാത്രം എങ്ങോ കൈമോശം വന്നു...
മറുപടിഇല്ലാതാക്കൂaashamsakal........
മറുപടിഇല്ലാതാക്കൂ