
ഒന്ന്: ഗാങ്ങ്ടോക്
മലകൾ, മല നിരകൾ.... പച്ച വസ്ത്രം ധരിച്ച്, മേഘക്കീറുകൾ വാരിപ്പുതച്ച്, ഭൂമിയെയും പ്രകൃതിയെയും പക്ഷിമൃഗാദികളേയും നിരീക്ഷിച്ചുകൊണ്ട് ഒരു കവിയേപ്പോലെ സർഗ്ഗധ്യാനത്തിലിരിക്കുണവ...... പിണെ കുറച്ചുകൂടി ദൂരെ ശുഭ്രവസ്ത്രം ധരിച്ച്, അലങ്കാരങ്ങളൊന്നുമില്ലാതെ ഒന്നും കണാതെയറിയാതെ കഠിനതപസ്സിലമർന്നവ.....
രണ്ടായാലും മലകൾക്ക് ഒരു ആത്മീയ പരിവേഷമുണ്ട്. ആ മടിത്തട്ടിലിരുന്ന് ഒന്നു കണ്ണടച്ചാൽ ഏതു ഭൗതിക വാദിയുടെ മനസ്സും ഇഹത്തിനപ്പുറത്തേക്ക് പറക്കും. അതുകൊണ്ടുതന്നെയായിരിക്കും ആത്മീയാചാര്യന്മരെല്ലാം മനസ്സിനെ പാകപ്പെടുത്താൻ മലകൾ കയറിയത്.
ലോകത്തിന്റെ തന്നെ ആത്മീയതയുടെ ആസ്ഥാനമാണ് ഹിമാലയപർവ്വതനിരകൾ. കിഴക്കൻ ഹിമാലയ നിരകൾക്ക് മിസ്റ്റിക് സ്വഭാവം കുറച്ച് കൂടുതലാണ്. ഭാരതത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും തിബറ്റും നേപ്പളും ഭൂട്ടാനും ഒക്കെ കിഴക്കൻ ഹിമാലയത്തിന്റെ ഭാഗമാണ്. പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്നും ഇവിടങ്ങളിൽ മഴ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൃക്ഷലതാദികളും പച്ചപ്പും.
ദൈനംദിന ജീവിതത്തിൽ നിന്നും ഒരു 'ബ്രേക്' ആവശ്യമാണെന്നു തോന്നിയപ്പോൾ തൊട്ടടുത്തുകിടക്കുന്ന ഈ മിസ്റ്റിക് മലനിരകൾ ഒരു സ്വാഭാവിക ചോയ്സ് ആയിരുന്നു. 7096 ച. കി. മീ മാത്രം വിസ്തീർണ്ണമുള്ള , നേപാളും ചൈനയും (റ്റിബറ്റ്), ഭൂട്ടാനും അതിർത്തികൾ തീർക്കുന്ന കൊച്ചു സിക്കിം യാത്രക്കാർക്കു നൽകുന്നത് കിഴക്കൻ ഹിമാലയനിരകളുടെ വലിയ അനുഭവങ്ങളാണ്. കിഴക്ക് ചോലപർവ്വതനിരകളും പടിഞ്ഞാറ് സിംഗലീലാ പർവ്വതനിരകളും വടക്കുഭാഗത്ത് സാക്ഷാൽ ഹിമാലയത്തിന്റെ പ്രധാന പർവ്വത നിരകളും അതിർത്തി തീർക്കുന്ന സിക്കിം. മലനിരകൾക്ക് ആഭരണം ചാർത്തി തീസ്താ നദിയും രംഗീത് നദിയും.ജനസംഖ്യ ഏകദേശം അഞ്ചര ലക്ഷം മാത്രം.
സിക്കിമിന്റെ ഉൾനാടുകളിലേക്ക് പ്രവേശനം നിയന്ത്രിതമാണ്.ടൂറിസ്റ്റുകൾക്ക് അവിടങ്ങളിലേക്കുപോകാനുള്ള പാസ് ഗാങ്ടോക്കിലെ ടൂറിസ്റ്റ് ഏജൻസികൾ ഏർപ്പടുചെയ്യും.പലയിടത്തുനിന്നും ശേഖരിച്ച പല ഏജൻസികളുടെ നംബറുകളിൽ ബന്ധപ്പെട്ടപ്പോൾ മൂന്നുദിവസവും രണ്ടുരാത്രികളും ഉൾപ്പെട്ട വടക്കൻ സിക്കിം ഫുൾ പാക്കേജിന് മുപ്പതിനായിരം രൂപ വരെ ചാർജ്ജു പറഞ്ഞവരുണ്ട്. ഇവിടെ സിലിഗുരിയിൽ നിന്നാണ് വിളിക്കുന്നത് എന്നുപറഞ്ഞപ്പോൾ നിരക്ക് നെഗോഷ്യബൾ ആണെന്നായി പലരും. ഐസ് ബർഗ്ഗ് ടൂർ ആൻഡ് ട്രാവൽസ് ന്റെ പാക്കേജ് താരതമ്യേന ഭേദമെന്നു തോന്നി.(Cont: Mr Sonam Dorjee,ph.+919475013881, 2nd Floor,Hotel Anola, MG Marg, Gangtok, Sikkim-737101, icebergtravels@gmail.com).
കൊൽക്കത്തയിൽ നിന്നും 10മണിക്കൂർ ട്രെയിൻ യാത്രചെയ്താൽ ന്യു ജൽപായ് ഗുരി യിലെത്തും. അവിടെ നിന്നും മൂന്നുനാലു കി.മീ പോയാൽ സിലിഗുരിയിലെത്താം. സിലിഗുരിയിൽ നിന്നും സിക്കിം ഗവെണ്മെന്റിന്റെ ബസ്സിലോ, യധേഷ്ടം ലഭിക്കുന്ന സുമോ സർവ്വീസുകളിലോ ഗങ്ങ്ടോക്കിലെത്താം. റയിൽവേ സ്ടേഷനിൽ നിന്നും വണ്ടികൾ ലഭ്യമാണ്. തൊട്ടടുത്ത എയർപ്പോർട്ട് ബഗ്ഡോഗ്ര. വടക്കുകിഴക്കൻ ഇൻഡ്യയുടെ കവാടമാണ് സിലിഗുരി. അനവധി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സാമീപ്യം കൊണ്ട് ടൂറിസ്റ്റ് മാപ്പിൽ വളരെ പ്രധാനമാണ് ഇവിടം.
മലകളും മരങ്ങളും നിറഞ്ഞ മഴപെയ്തൊഴിഞ്ഞ് കുളിച്ചുതുവർത്തിനിൽക്കുന്ന കാടിനു നടുവിലൂടെ, റോടുമുറിച്ചുകടന്നുതാഴേക്കെടുത്തുചാടുന്ന അരുവികളും ഇടക്കിടെ കുശലം പറയാനെത്തുന്ന മേഘങ്ങളും നിറഞ്ഞ വഴിയിലൂടെ ഒരു യാത്ര. എപ്പോഴൊക്കെയോ ഏതൊക്കെയോ സ്വപ്നങ്ങളിൽ മിന്നിമറഞ്ഞുപോയ ഒരനുഭവത്തിന്റെ സാക്ഷാത്കാരം. സമുദ്ര നിരപ്പിൽ നിന്നും 5200മീ.(17500 അടി) ഉയരത്തിലുള്ള 'ഗുരുഡോംഗ്മർ' തടാകം, പിന്നെ 12000 അടി ഉയരത്തിലുള്ള പുഷ്പങ്ങളുടെ താഴ്വരയായ യുംതാങ്ങ് വാലി. ഇവയായിരുന്നു ലക്ഷ്യം.
ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ മഴക്കാലം പൂർണ്ണമായും വിടപറഞ്ഞിരുന്നില്ല. കുരച്ചധികം നാളായി മനസ്സിലിട്ടുകൊണ്ടുനടന്നിരുന്ന യാത്രയാണ്. മഴ പ്രശ്നമുണ്ടാക്കുമോ എന്ന ഭയം നല്ലവണ്ണമുണ്ടായിരുന്നു.
ഇടക്കുവച്ച് തീസ്താ നദി കൂടെക്കൂടിയതോടെ മറ്റു ആകാംക്ഷകളെല്ലാം മറന്നു. തല്ലിത്തകർത്ത് കുതിച്ചൊഴുകുന്ന തീസ്ത യാത്രയുകൂടനീളം കൂടെയുണ്ട്. വഴിയരികിൽ കണ്ട കൊച്ചുകൊച്ചു കവലകളിലെ കടകളുടെയെല്ലാം ബോർഡുകളിൽ വെസ്റ്റ് ബംഗാൾ എന്നത് മായ്ച് ഗൂർഖാ ലാൻഡ് എന്ന് എഴുതിച്ചേർത്തിരിക്കുന്നു. അവരുടെ വളരെ നാളത്തെ മോഹം. നാലുമണിക്കൂർ വഴിയുണ്ട് സിലിഗുരിയിൽ നിന്നും ഗാങ്ങ്ടോക്കിലേക്ക്. അതിമനോഹരമായ ദൃശ്യങ്ങളുടെ ഇടയിലൂടെ അതിമനോഹരമായ ഒരു യാത്ര.

ഗാങ്ങ്ടോക്കിലെത്തിയതിനുശേഷം ആദ്യം ചെയ്തത് ട്രാവൽ ഏജന്റ് സോനം ദോർജ്ജിയെ സന്ദർശിക്കുകയായിരുന്നു. രണ്ടു പാസ്പോർട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഏൽപ്പിച്ചു, പെർമ്മിറ്റിനുവേണ്ടി. ദോർജ്ജി യാത്രയെപ്പറ്റി ഒരു വിവരണം നൽകി. റൂമിലെത്തി അടുത്ത പ്രഭാതത്തിൽ ആരംഭിക്കാനുള്ള യാത്രക്കായി കാത്തിരുന്നു, അക്ഷമരായി.
അടുത്ത ദിവസം രാവിലെ തന്നെ ദോർജ്ജിയുടെ സഹായി റൂമിലെത്തി. ഗാങ്ങ്ടോകിൽ ട്രാഫിക് നിയന്ത്രണങ്ങൾ വളരെ കർക്കശമായതിനാൽ ഞങ്ങളുടെ യാത്ര കുർച്ചപ്പുറത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് തുടങ്ങുക. അവിടെ വരെ ഞങ്ങളെ ഡ്രോപ്പുചെയ്യാനാണ് തന്റെ ചെറിയ കാറുമായി അയാൾ എത്തിയത്. സുഭാഷ് എന്ന ഡ്രൈവറെ പരിചയപ്പെടുത്തി- 'അടുത്ത മൂന്നുദിവസത്തേക്ക് ഇയാൾ നിങ്ങളെ നയിക്കും'. കൈ കുലുക്കി ഭാവുകങ്ങൾ നേർന്നുകൊണ്ട് അയാൾ മറഞ്ഞു. യാത്ര ആരംഭിക്കുകയായി.
മലകളും മരങ്ങളും നിറഞ്ഞ മഴപെയ്തൊഴിഞ്ഞ് കുളിച്ചുതുവർത്തിനിൽക്കുന്ന കാടിനു നടുവിലൂടെ, റോടുമുറിച്ചുകടന്നുതാഴേക്കെടുത്തുചാടുന്ന അരുവികളും ഇടക്കിടെ കുശലം പറയാനെത്തുന്ന മേഘങ്ങളും നിറഞ്ഞ വഴിയിലൂടെ ഒരു യാത്ര. ....എപ്പോഴൊക്കെയോ ഏതൊക്കെയോ സ്വപ്നങ്ങളിൽ മിന്നിമറഞ്ഞുപോയ ഒരനുഭവത്തിന്റെ സാക്ഷാത്കാരം
മറുപടിഇല്ലാതാക്കൂഊഹിയ്ക്കാനാകുന്നുണ്ട് ആ അനുഭവങ്ങള്...
മറുപടിഇല്ലാതാക്കൂതുടരട്ടെ.
നല്ലത്.
മറുപടിഇല്ലാതാക്കൂബാക്കി പോരട്ടെ.
പുതുകാഴ്ചകള്ക്കായി കാത്തിരിക്കുന്നു...
മറുപടിഇല്ലാതാക്കൂവിരോധമില്ലെങ്കിൽ താങ്കളുടെ യാത്രാവിവരണങ്ങൾ http://yathrakal.com പോർട്ടലിലേക്ക് നൽകൂ. 70ല്പ്പരം യാത്രാവിവരണം എഴുത്തുകാർ അവിടെ സഹകരിക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂ